ലിലോംഗ് ആക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് റെവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട്
Wednesday, January 3, 2024 10:34 AM IST
ഇംഫാൽ: മണിപ്പുരിലെ ലിലോംഗിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെവല്യൂഷണറി പിപ്പീൾസ് ഫ്രണ്ട്. മയക്കുമരുന്ന് വിൽപന കേന്ദ്രം ആക്രമിക്കാനാണ് പദ്ധതിയിട്ടതെന്നും പ്രദേശവാസികൾ വളഞ്ഞതോടെ സ്വയം പ്രതിരോധത്തിനായി വെടിവെക്കുകയായിരുന്നുവെന്നും ഇവർ വ്യക്തമാക്കി.
പുതുവർഷദിനത്തിൽ തൗബാൽ ജില്ലയിലുണ്ടായ വെടിവയ്പിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൗബാലിലെ മെയ്തെയ് മുസ്ലിം (പംഗൽ) മേഖലയായ ലിലോംഗിൽ പോലീസ് യൂണിഫോമിലെത്തിയ തീവ്ര മെയ്തെയ് സംഘടനകളിലെ ആയുധധാരികൾ ജനക്കൂട്ടത്തിനുനേരേ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.
ഗ്രാമവാസികളായ മുഹമ്മദ് ദൗലത്ത് (30), എം. സിറാജുദ്ദീൻ (50), മുഹമ്മദ് അസദ് ഖാൻ (40), മുഹമ്മദ് ഹുസൈൻ (22) എന്നിവരാണ് മരിച്ചത്.
ക്ഷുഭിതരായ ജനക്കൂട്ടം അക്രമികളുടെ രണ്ടു വാഹനങ്ങൾക്ക് തീയിട്ടു. പിന്നാലെ തൗബാൽ, ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കാക്ചിംഗ്, ബിഷ്ണുപുർ ജില്ലകളിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ ജില്ലകളിൽ നിലവിൽ കർഫ്യൂ ലഘൂകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ബിരേൻ സിംഗും ലിലോംഗ് എംഎൽഎ അബ്ദുൽ നാസറും വിവിധ മതവിഭാഗക്കാരുടെയും പ്രമുഖ വ്യക്തികളുടെയും യോഗം വിളിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്നും ശിക്ഷ ഉറപ്പു വരുത്തുമെന്നും ഉറപ്പു നൽകിയതിന് പിന്നാലെയാണ് സംഘർഷാവസ്ഥ അയഞ്ഞത്.
ഇതാദ്യമായാണു കലാപത്തിൽ പങ്കാളികളല്ലാത്ത പംഗൽ വിഭാഗക്കാർക്കുനേരേ പ്രത്യക്ഷമായ ആക്രമണമുണ്ടാകുന്നത്. കലാപത്തിൽ പങ്കാളികളായ കുക്കി, മെയ്തെയ് വിഭാഗക്കാരുമായി നല്ല ബന്ധത്തിലായിരുന്നു പംഗലുകൾ.
അതേസമയം, കുക്കി മേഖലകളിൽ ഇന്ന് അർധരാത്രി മുതൽ 24 മണിക്കുർ ബന്ദ് ആരംഭിക്കും. മെയ്തെയ് സുരക്ഷാ സേനയെ തങ്ങളുടെ മേഖലയിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
സാധാരണ ജനങ്ങളെയും സുരക്ഷാസേനയെയും ആക്രമിക്കുന്നവർക്കെതിരേ കടുത്ത നടപടികളുണ്ടാകുമെന്നു മുഖ്യമന്ത്രി ബിരേൻ സിംഗ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. പരിക്കേറ്റ സേനാംഗങ്ങളെയും പ്രദേശവാസികളെയും റിജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലെത്തി മുഖ്യമന്ത്രി സന്ദർശിച്ചു. പരിക്കേറ്റവരുടെ കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്തി.
അത്യാധുനിക ആയുധങ്ങളാണ് തീവ്രവാദികൾ ഉപയോഗിച്ചിരിക്കുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി മ്യാൻമറിൽനിന്നു കടന്നുകയറിയവർക്കും അക്രമത്തിൽ പങ്കുണ്ടാകാമെന്ന് അഭിപ്രായപ്പെട്ടു. സർക്കാർ ഇക്കാര്യം ഗൗരവമായാണു പരിഗണിക്കുന്നത്. കേന്ദ്രസർക്കാരിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.