സിൽവർ ലൈൻ പദ്ധതിക്ക് ദക്ഷിണ റെയിൽവേയുടെ ചുവപ്പുകൊടി
Monday, January 1, 2024 1:13 PM IST
തിരുവനന്തപുരം: കേരളത്തിന്റെ സിൽവർലൈൻ പദ്ധതി ഭാവിയിൽ റെയിൽ വികസനത്തിന് തടസം സൃഷ്ടിക്കുമെന്ന് ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട്. കൂടാതെ പദ്ധതി റെയിൽവേയ്ക്ക് സാന്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ദക്ഷിണ റെയിൽവേ റെയിൽവേ ബോർഡിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിലുള്ള റെയിൽവേ നിർമിതികൾ, സർവീസുകൾ തുടങ്ങിയവയിൽ സിൽവർലൈൻ എന്തൊക്കെ ആഘാതം സൃഷ്ടിക്കുമെന്ന് പരിഗണിച്ചില്ല, തിരൂർ-കാസർഗോഡ് ഭാഗത്ത് പല മാനദണ്ഡങ്ങളും പാലിക്കാതെ അലൈൻമെന്റുകൾ തീരുമാനിച്ചു, സമീപഭാവിയിലെ വികസന ആവശ്യങ്ങൾ പരിഗണിച്ചില്ല തുടങ്ങിയവ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഭൂമി വിട്ടുനൽകുന്നത് റെയിൽ വികസനത്തിന് തടസമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള പാതയുടെ വേഗം കൂട്ടുന്നതിനെ ഇതു ബാധിക്കും. പദ്ധതി ചെലവ് അധിക സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കും.
അലൈൻമെന്റ് നിശ്ചയിക്കും മുമ്പ് റെയിൽവെയുമായി ചർച്ച നടത്തിയിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ സ്റ്റാൻഡേർഡ് ഗേജ് നിലവിലുള്ള റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനാവില്ലെന്നും റിപ്പോർട്ട് പറയുന്നു.