സുധീരന്റെ പ്രസ്താവനയിൽ കോണ്‍ഗ്രസ് മറുപടി പറയണം; എം.ബി. രാജേഷ്
Sunday, December 31, 2023 6:35 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസിനെക്കുറിച്ച് സുധീരൻ പറഞ്ഞ കാര്യങ്ങളിൽ കോണ്‍ഗ്രസ് മറുപടി പറയണമെന്നാവശ്യപ്പെട്ട് മന്ത്രി എം.ബി. രാജേഷ്. ഏറെ പ്രാധാന്യമുള്ള രാഷ്ട്രീയ പ്രശ്നങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ഇതിൽ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.
"കോണ്‍ഗ്രസിന്റെ നവലിബറൽ സാന്പത്തിക നയങ്ങൾ ബിജെപിക്ക് ഇന്ത്യയെ കൊള്ളയടിക്കാൻ സഹായിച്ചു. കോണ്‍ഗ്രസിന്റെ കാലത്തെ നയങ്ങളാണ് ബിജെപി ഇപ്പോഴും പിന്തുടരുന്നത്. കോണ്‍ഗ്രസാണ് ഇതിന് വഴിയൊരുക്കിയത്. ബിജെപി തീവ്രഹിന്ദുത്വം മുറുകെ പിടിക്കുന്പോൾ മൃതുഹിന്ദുത്വമാണ് കോണ്‍ഗ്രസിന്റെ ആയുധമെന്നും ഇതുകൊണ്ട് ബിജെപിയെ നേരിടാനാവില്ല’ എന്നുമായിരുന്നു സുധീരന്റെ പരാമർശം. ഇതിൽ കോണ്‍ഗ്രസ് മറുപടി വ്യക്തമാക്കണം എന്ന് എം.ബി. രാജേഷ് ആവശ്യപ്പെട്ടു.
ബിജെപിയെ നേരിടുന്നതിൽ കോണ്‍ഗ്രസിന് പതർച്ചയുണ്ട്. ഇതാണ് രാമക്ഷേത്ര വിഷയത്തിൽ വ്യക്തമാകുന്നത്. വർഗീയതയ്ക്കെതിരേ നിലപാടുണ്ടെങ്കിൽ ക്ഷണം പൂർണമായും തള്ളേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഈ വിമർശനങ്ങൾ ഇടതുപക്ഷം നേരത്തേ ഉയർത്തിയതാണെന്നും. ഇപ്പോൾ സുധീരന്റെ ആരോപണത്തിന് എന്തു മറുപടിയാണ് കോണ്‍ഗ്രസിനുള്ളതെന്നും എം.ബി. രാജേഷ് ചോദിച്ചു.