സംഘർഷം; മ്യാൻമർ സൈനികർ മിസോറാമിലേക്ക് പലായനം ചെയ്തു
Sunday, December 31, 2023 3:01 AM IST
ഐസ്വാൾ: മ്യാൻമർ സൈനികർ മിസോറാമിലേക്ക് പലായനം ചെയ്തുവെന്ന് റിപ്പോർട്ട്. കുറഞ്ഞത് 151 സൈനികർ മിസോറാമിലേക്ക് പ്രവേശിച്ചതായി ആസാം റൈഫിൾസിലെ ഉദ്യോഗസ്ഥരാണ് അറിയിച്ചത്. സൈനികരുടെ ക്യാമ്പുകൾ സായുധ വംശീയ ഗ്രൂപ്പുകൾ കീഴടക്കിയ സാഹചര്യത്തിലാണ് നടപടി.
അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള ക്യാമ്പുകൾ അരാകാൻ ആർമി പോരാളികൾ കീഴടക്കിയതിനെത്തുടർന്ന് വെള്ളിയാഴ്ച 'ടാറ്റ്മാഡവ്' എന്നറിയപ്പെടുന്ന മ്യാൻമാറീസ് സൈനികർ ആയുധങ്ങളുമായി രക്ഷപെടുകയായിരുന്നു. ലോംട്ലായ് ജില്ലയിലെ ടുയിസെന്റ്ലാംഗിൽ വച്ചാണ് ഇവർ ആസം റൈഫിൾസിന്റെ സഹായം തേടിയത്.
ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മ്യാൻമർ സൈന്യവും അരാകാൻ ആർമി പോരാളികളും തമ്മിൽ രൂക്ഷമായ വെടിവെയ്പുണ്ടായതായി റിപ്പോർട്ടുണ്ട്.
മിസോറാമിൽ പ്രവേശിച്ച മ്യാൻമർ സൈനികരിൽ ചിലർക്ക് ഗുരുതരമായി പരിക്കുണ്ട്. ആസാം റൈഫിൾസ് അവർക്ക് പ്രഥമശുശ്രൂഷ നൽകി. മ്യാൻമർ അതിർത്തിക്കടുത്തുള്ള ലോംഗ്ട്ലായ് ജില്ലയിലെ പർവയിൽ മ്യാൻമർ സൈനികർ ഇപ്പോൾ ആസാം റൈഫിൾസിന്റെ സുരക്ഷിത കസ്റ്റഡിയിലാണ്.
വിദേശകാര്യ മന്ത്രാലയവും മ്യാൻമർ സൈനിക സർക്കാരും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും മ്യാൻമർ സൈനികരെ ഏതാനും ദിവസങ്ങൾക്കുള്ളിൽ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
നവംബറിൽ, മ്യാൻമർ-ഇന്ത്യ അതിർത്തിയിലെ സൈനികരുടെ സൈനിക ക്യാമ്പുകൾ പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് (പിഡിഎഫ്) കീഴടക്കിയതിനെത്തുടർന്ന് 104 മ്യാൻമർ സൈനികർ മിസോറാമിലേക്ക് പലായനം ചെയ്തിരുന്നു.