അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം: പ്രധാനമന്ത്രിയുടെ റോഡ്ഷോ ഇന്ന്
വെബ് ഡെസ്ക്
Saturday, December 30, 2023 7:45 AM IST
ന്യൂഡൽഹി: അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോ ഇന്ന്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള റോഡ്ഷേയ്ക്ക് പുറമേ അയോധ്യയിലെ പുതുക്കിയ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും അദ്ദേഹം ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ 15,700 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് അയോധ്യയിൽ വൻതോതിൽ അലങ്കാരങ്ങളുൾപ്പടെ ഒരുക്കിയിട്ടുണ്ട്. രാമക്ഷേത്രം കേന്ദ്രീകരിച്ച് നിർമ്മിച്ച ശ്രീരാമ കിരീട മാതൃക ചൂടിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷൻ, പുതുക്കി പണിത അന്താരാഷട്ര വിമാനത്താവളം, രാജ്യത്തെ ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകൾ, ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, അയോധ്യ ക്ഷേത്രത്തിലേക്കുള്ള നവീകരിച്ച റോഡുകൾ, അയോധ്യ ഗ്രീൻഫീൽഡ് ടൗൺഷിപ്പ് തുടങ്ങിയവയൊക്കെ വാർത്തകളിൽ മുഖ്യസ്ഥാനം നേടിയിരുന്നു.
പുതുക്കിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.15 ന് നടക്കും.
ക്ഷേത്ര നിർമ്മിതിയോട് സാമ്യമുള്ളതാണ് അടുത്തിടെ പേര് പുതുക്കിയ സ്റ്റേഷന്റെ നിർമ്മാണം. 240 കോടി ചിലവഴിച്ചാണ് സ്റ്റേഷൻ പുതുക്കിയത്. 1450 കോടി ചിലവിട്ടായിരുന്നു വിമാനത്താവളത്തിന്റെ വികസനം. പരിപാടികളോടനുബന്ധിച്ച് വൻ സുരക്ഷാ ക്രമീകരണമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.