രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; മതവികാരം രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നു: യെച്ചൂരി
Friday, December 29, 2023 1:01 PM IST
കണ്ണൂര്‍: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇത് നഗ്നമായ മതധ്രുവീകരണമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് ക്ഷണം ലഭിച്ചു. എന്നാല്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠയില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്. ഇന്ത്യ മുന്നണിയില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ഉണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടേതായ തീരുമാനമുണ്ടെന്നും യെച്ചൂരി പ്രതികരിച്ചു.
കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ സ്പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയാണ്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹ വിമര്‍ശിച്ചു.
രാജ്യത്ത് തൊഴില്‍ ഇല്ലായ്മ രൂക്ഷമായി. കാര്ഷികോല്പാദനം കുറഞ്ഞു. ജനങ്ങളുടെ പക്കല്‍ ആവശ്യത്തിന് പണം ഇല്ലാതായി. പുതിയ നിക്ഷേപങ്ങള്‍ കുറഞ്ഞു. ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് കഴിഞ്ഞ 10 വര്‍ഷം ഏറ്റവും ദുരിതം നിറഞ്ഞതായിരുന്നുവെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.