അഡ്ഹോക് കമ്മിറ്റി രൂപീകരിക്കണം; ഒളിമ്പിക്സ് അസോസിയേഷന് കേന്ദ്രമന്ത്രിയുടെ നിർദേശം
Sunday, December 24, 2023 5:31 PM IST
ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തിന് പിന്നാലെ ഫെഡറേഷന്റെ ഭരണ നിർവഹണത്തിനായി അഡ്ഹോക് കമ്മിറ്റി രൂപീകരിക്കാൻ നിർദേശം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന് കത്തയച്ചു.
ബ്രിജ് ഭൂഷൺന്റെ വിശ്വസ്തനായ സഞ്ജയ് സിംഗ് ഫെഡറേഷൻ അധ്യക്ഷനായതിനെതിരേ ഗുസ്തിതാരങ്ങള്‍ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയായിരുന്നു ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ കേന്ദ്രം സസ്പെൻഡ് ചെയ്തത്.
ഗുസ്തി ഫെഡറേഷന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോരായ്മകള്‍ കണക്കിലെടുത്താണ് നടപടി. പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദേശീയ മത്സരങ്ങള്‍ക്കുള്ള തീയതിയും സ്ഥലവും അടക്കം പ്രഖ്യാപിച്ചിരുന്നു. തിടുക്കത്തിലുള്ള നീക്കം ഗുസ്തി ഫെഡറേഷന്റെ ഭരണഘടനാപ്രകാരം തെറ്റാണെന്നും കായികമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ലൈംഗിക പീഡന ആരോപണം ഉയര്‍ന്ന ബ്രിജ് ഭൂഷൺ സിംഗിന്റെ പാനലിലെ സഞ്ജയ് സിംഗ് ഗുസ്തി ഫെഡറേഷന് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിപ്പിച്ചിരുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ വികാരഭരിതമായാണ് സാക്ഷി ബൂട്ടഴിച്ച് വച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നാലെ പദ്മശ്രീ തിരികെ നല്കി ബജ്റംഗ് പൂനിയയും ശക്തമായായി പ്രതിഷേധിച്ചിരുന്നു.
ബ്രിജ് ഭൂഷൺന്റെ സ്ഥലമായ യുപിയിലെ ഗോണ്ടയില്‍ അണ്ടര്‍ 15, അണ്ടര്‍ 20 മത്സരങ്ങള്‍ നടത്താന്‍ നിശ്ചയിച്ചതിനെതിരെയും സാക്ഷി മാലിക് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇത് വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നായിരുന്നു സാക്ഷി ട്വിറ്ററില്‍ കുറിച്ചത്. ഇതിനെല്ലാം പിന്നാലെയാണ് കേന്ദ്ര കായികമന്ത്രാലയത്തിന്റെ നിർണായക ഇടപെടലുണ്ടായത്.