എസ്എഫ്ഐ പ്രവര്ത്തകന് ആക്രമിച്ചെന്ന കേസ്; പരാതിക്കാരിക്കെതിരേ വീണ്ടും കേസെടുത്ത് പോലീസ്
Sunday, December 24, 2023 9:19 AM IST
പത്തനംതിട്ട: എസ്എഫ്ഐ പ്രവര്ത്തകന് ആക്രമിച്ചെന്ന് പരാതി നല്കിയ വിദ്യാര്‍ഥിനിക്കെതിരേ വീണ്ടും കേസെടുത്ത് ആറന്മുള പോലീസ്. സഹപാഠിയായ വിദ്യാര്‍ഥിനിയെ ജാതിപ്പേര് വിളിച്ചു എന്ന പരാതിയിലാണ് പട്ടിക ജാതി, പട്ടിക വര്‍ഗ സംരക്ഷണ നിയമപ്രകാരം കേസെടുത്തത്.
സിപിഎം ഏരിയാ കമ്മിറ്റി അംഗം കൂടിയായ എസ്എഫ്ഐ നേതാവ് കോളജില്‍ വച്ച് തന്നെ മര്‍ദിച്ചെന്ന് കാട്ടി പരാതി നൽകിയ കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലെ വിദ്യാര്‍ഥിനിക്കെതിരേ മൂന്ന് കേസുകളാണ് നിലവിൽ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടി മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഇതിന് പിന്നാലെ പരാതി നല്‍കിയതോടെ പെണ്‍കുട്ടിയുടെ മൊഴി പോലീസ് ആശുപത്രിയിലെത്തി രേഖപ്പെടുത്തി. എന്നാല്‍ സംഭവത്തില്‍ കേസെടുക്കാതെ പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്ന് ആരോപണമുയര്‍ന്നു.
ഇതോടെ എസ്എഫ്ഐ നേതാവിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വിദ്യാർഥിനിയെ കൂട്ടി സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുക്കാന്‍ തയാറായത്.
എന്നാൽ സ്റ്റേഷനിൽ പ്രതിഷേധിച്ചതിന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനനും പരാതിക്കാരിയും ഉൾപ്പെടെയുള്ള പത്ത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.
എസ്എഫ്ഐ നേതാവ് നൽകിയ കൗണ്ടർ പരാതിയിലും പെൺകുട്ടിക്കെതിരേ കേസെടുത്തു. ഇതിന് പിന്നാലെയാണ് പട്ടിക ജാതി പട്ടിക വര്‍ഗ സംരക്ഷണ നിയമപ്രകാരവും പെൺകുട്ടിക്കെതിരേ കേസെടുത്തത്.