ആറന്മുള പോലീസ് സ്റ്റേഷനിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
Saturday, December 23, 2023 9:22 AM IST
പത്തനംതിട്ട: കോളജ് വിദ്യാര്‍ഥിനിയെ ആക്രമിച്ച എസ്എഫ്ഐ നേതാവിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആറന്മുള പോലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന് അടക്കം പത്ത് പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. സിപിഎം ഏരിയാ കമ്മിറ്റി അംഗം കൂടിയായ എസ്എഫ്ഐ നേതാവ് കോളജില്‍ വച്ച് തന്നെ മര്‍ദിച്ചെന്ന് കാട്ടിയാണ് കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലെ വിദ്യാര്‍ഥിനി പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി നല്കി രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് കേസെടുത്തില്ല.
ഇതോടെയാണ് വെള്ളിയാഴ്ച വൈകുന്നേരം കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനിയെയും കൂട്ടി സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
അതേസമയം പ്രതിഷേധത്തെ തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പെണ്‍കുട്ടിയുടെ പരാതിയിലും പോലീസ് കേസെടുത്തു.