സാക്ഷി മാലിക് വിരമിക്കാൻ നിർബന്ധിതയായത് എങ്ങനെയെന്ന ചോദ്യവുമായി കോൺഗ്രസ്
Saturday, December 23, 2023 3:33 AM IST
ന്യൂഡൽഹി: ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപി ബ്രിജ്ഭൂഷൺ യാദവിന്റെ അടുത്ത അനുയായിയെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തതിനു പിന്നാലെ ഗുസ്തി താരം സാക്ഷി മാലിക വിരമിച്ചത് കേന്ദ്രസർക്കാരിനെതിരേയുള്ള ആയുധമാക്കാനൊരുങ്ങി കോൺഗ്രസ്.
ഒളിമ്പിക്സ് ഗുസ്തിയിലെ ആദ്യ വനിതാ മെഡൽ ജേതാവായ സാക്ഷി നീതി ലഭിക്കാത്തതിനെ തുടർന്ന് വിരമിക്കാൻ നിർബന്ധിതയായത് എങ്ങനെയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ചോദിച്ചു.
ഗുസ്തിതാരങ്ങൾ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും പറഞ്ഞു.
സംഭവത്തിൽ ബിജെപി സർക്കാരും കായിക പ്രതിഭകളും മൗനം പാലിക്കുന്നതെന്താണ്. വനിത കൂടിയായ രാഷ്ട്രപതിയും ലോക്സഭാ സ്പീക്കറും രാജ്യസഭാ അധ്യക്ഷനും പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും കോൺഗ്രസ് നേതാക്കൾ ചോദിച്ചു.
പാർലമെന്റിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ തൃണമൂൽ എംപി അനുകരിച്ചതിനെ ജാട്ട് സമുദായത്തെ അധിക്ഷേപിക്കലാണെന്ന് ബിജെപി ആരോപണമുയർത്തിയിരുന്നു.
ഇതിന് തടയിടുകയെന്ന ലക്ഷ്യം കൂടിയുണ്ട് കോൺഗ്രസിന്. സാക്ഷി ഹരിയാനയിൽ നിന്നുള്ള ജാട്ട് സമുദായാംഗമാണ്. ധൻകറിനെതിരായ വിഷയത്തിൽ രാഷ്ട്രപതി പ്രതികരിച്ചിരുന്നു.
സാക്ഷിയുടെ വിരമിക്കൽ ഇന്ത്യൻ കായിക ചരിത്രത്തിലെ ഇരുണ്ട അധ്യായമാണെന്ന് ഇന്നലെ കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ മുൻ ബോക്സിംഗ് താരം വീരേന്ദർ സിംഗ് പറഞ്ഞു.
നീതി ലഭിക്കുമെന്ന പ്രതീക്ഷയറ്റ് വിരമിക്കാൻ തീരുമാനിച്ച സാക്ഷിയുടെ വേദനയും നിസഹായതയും കായികതാരം എന്ന നിലയിൽ തനിക്ക് മനസിലാക്കാനും അനുഭവിക്കാനും കഴിയുമെന്നും സഹപ്രവർത്തകർക്ക് തുടർന്നും പിന്തുണ നൽകുമെന്നും വീരേന്ദർ സിംഗ് പറഞ്ഞു.