മറിയക്കുട്ടിയുടെ ഹർജി വീണ്ടും പരിഗണിക്കും: സർക്കാർ മറുപടി പറയേണ്ടത് ഇന്ന്
വെബ് ഡെസ്ക്
Friday, December 22, 2023 7:47 AM IST
കൊച്ചി: പെൻഷൻ ലഭിക്കാതിരുന്നതിനെ തുടർന്ന് മൺചട്ടിയുമായി ഭിക്ഷയാചിക്കാനിറങ്ങി ശ്രദ്ധേയയായ അടിമാലി സ്വദേശിനി മറിയക്കുട്ടി തന്റെ വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
പെൻഷൻ എന്തുകൊണ്ടാണ് കൊടുക്കാതിരുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും.
പെൻഷൻ തുക നൽകാൻ സാധിച്ചില്ലെങ്കിൽ മറിയക്കുട്ടിയുടെ മൂന്നു മാസത്തെ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് കോടതി വ്യാഴാഴ്ച പറഞ്ഞിരുന്നു. കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സർക്കാർ ആരോപണത്തിന് കേന്ദ്ര സർക്കാരും മറുപടി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്. 1600 രൂപ എന്നുള്ളത് സര്‍ക്കാരിനെ സംബന്ധിച്ച് വലിയ കാര്യമായിരിക്കില്ല. എന്നാല്‍ മറിയക്കുട്ടിക്ക് ആ പണത്തിന് പൊന്നുംവിലയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 78 വയസുകാരിയായ വൃദ്ധയാണ് ഹര്‍ജിക്കാരി. ഇവരുടെ പരാതി ആരാണ് സംസ്ഥാനത്ത് കേള്‍ക്കുക.
മറിയക്കുട്ടിയെ കോടതി വിഐപിയായി പരിഗണിക്കുകയാണെന്നും കോടതി വ്യക്തമാക്കി. വിധവാ പെന്ഷന് അടക്കം കൊടുക്കേണ്ടതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം കിട്ടുന്നില്ല എന്നതുകൊണ്ട് ഏതെങ്കിലും ആഘോഷങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. മുന്‍ഗണനാക്രമം നിശ്ചയിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.