തെരുവിൽ കിടന്ന് ഉറങ്ങുകയായിരുന്ന നാല് നായക്കുട്ടികളെ ചുട്ടുകൊന്നു; ക്രൂരകൃത്യം ചെയ്തത് കുട്ടികൾ
Tuesday, December 19, 2023 4:58 AM IST
കാൺപുര്‍: തെരുവില്‍ കിടന്ന് ഉറങ്ങുകയായിരുന്ന നാല് നായകുട്ടികളെ ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ കാൺപുരിലെ കിഡ്വായ് നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
സമീപത്തെ പാര്‍ക്കില്‍ കളിക്കാനായി പോകുകയായിരുന്ന കുട്ടികളിലൊരാളാണ് ക്രൂരകൃത്യം ചെയ്തത്. എട്ട്, ഒമ്പത് വയസുള്ള നാല് കുട്ടികള്‍ പാര്‍ക്കിലേക്ക് പോകുമ്പോഴാണ് നായക്കുട്ടികളെ കണ്ടത്.
കുറച്ച് നേരം പരസ്പരം സംസാരിച്ച ശേഷം ഇവരില്‍ ഒരാള്‍ തീപ്പെട്ടി ഉപയോഗിച്ച് പട്ടിക്കൂടിന് തീയിടുകയായിരുന്നു. കടുത്ത തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ സമീപവാസികള്‍ വൈക്കോലും ചാക്കും ഉപയോഗിച്ചാണ് നായക്കുട്ടികള്‍ക്ക് കൂടി പണിത് അവയെ അതിനുള്ളിലാക്കിയത്.
തീപിടിച്ചതോടെ നായക്കുട്ടികളുടെ കരച്ചില് കേട്ട് സമീപവാസികള്‍ ഓടിയെത്തിപ്പോള്‍ കുട്ടികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ സമീപവാസികള്‍ പിടികൂടി. ഈ കുട്ടിയാണ് സംഭവിച്ച കാര്യങ്ങള്‍ നാട്ടുകാരോട് പറഞ്ഞത്.
സമീപവാസികള്‍ വിവരമറിയിച്ചതനുസരിച്ച് മൃഗസംരക്ഷണ സംഘത്തിലെ അംഗങ്ങള്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ഇവര്‍ വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഭവം നടന്ന സ്ഥലത്തേക്ക് എത്തി.
തെളിവ് കിട്ടുന്ന മുറയ്ക്ക് സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അമര്‍നാഥ് യാദവ് അറിയിച്ചു.
നായക്കുട്ടികളെ ജീവനോടെ കത്തിക്കുകയെന്ന കൃത്യത്തിലേക്ക് കുട്ടികളെത്തിയ കാര്യം നാട്ടുകാര്‍ക്ക് ഞെട്ടലുണ്ടാക്കുകയാണ്.