മുകേഷ്-ചിന്ത ജെറോം വിവാഹം; വാർത്തയിലെ സത്യമിതാ..
Saturday, December 16, 2023 7:29 PM IST
തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷും സിപിഎം യുവ നേതാവ് ചിന്താ ജെറോമും തമ്മിൽ വിവാഹിതരാകുന്നുവെന്ന് വ്യാജവാർത്ത. പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ പേരിലാണ് വാർത്ത പ്രചരിച്ചത്. എന്നാൽ വാർത്ത വ്യാജമാണെന്ന് ഈ മാധ്യമസ്ഥാപനം തന്നെ ഔദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ ദിവസം മുതലാണ് ഈ വ്യാജപോസ്റ്റർ പ്രചരിച്ച് തുടങ്ങിയത്. 2017-ൽ ചിന്ത തന്റെ ഫേസ്ബുക്കിൽ ഓണാശംസ നേർന്ന് കൊണ്ട് പങ്കുവച്ച ചിത്രമാണ് വ്യാജ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ മാധ്യമസ്ഥാപനം പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്നെടുത്ത ചിത്രമാണ് മുകേഷിന്റേത്.
2022 ഏപ്രിലിലും ഈ മാധ്യമസ്ഥാപനത്തിന്റെ പേരിൽ ഇതേ വ്യാജവാർത്ത പ്രചരിച്ചിരുന്നു. മുകേഷിനും ചിന്തയ്ക്കും വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ടാണ് ഫേസ്ബുക്കിൽ വ്യാജപോസ്റ്ററുകൾ പങ്കുവച്ചത്.