ശിവഗിരി തീർഥാടനത്തിന് തുടക്കം
Friday, December 15, 2023 4:17 PM IST
തിരുവനന്തപുരം: 91-മത് ശിവഗിരി തീർഥാടന കാലത്തിന് ഇന്ന് തുടക്കമാകും. 2024 ജനുവരി അഞ്ചുവരെ നീണ്ടു നിൽക്കുന്ന ശിവഗിരി തീർഥാടനത്തോടനുബന്ധിച്ചുള്ള സമ്മേളനങ്ങളും പ്രഭാഷണങ്ങളും ഇന്ന് മുതലാണ് ആരംഭിക്കുന്നത്.
ഗുരുദേവൻ വിഭാവനം ചെയ്ത സർവമത സമന്വയത്തിന്റെ ശതാബ്ദി എന്നതാണ് ഈ വർഷത്തെ തീർഥാടനത്തിന്റെ സവിശേഷത. ഇന്ന് മുതൽ തുടങ്ങുന്ന വിവിധ സമ്മേളനങ്ങളും പ്രഭാഷണ പരിപാടികളും 29 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 10 മുതൽ ശിവഗിരിയിലെ സന്യാസിവര്യൻമാർ ഗുരുധർമ പ്രബോധനം നടത്തും.
26ന് നടക്കുന്ന സർവമത സമ്മേളനം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. 27ന് ഗുരുധർമ പ്രചാരണ സഭയുടെ സമ്മേളനം, 28ന് കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സമ്മേളനവും നടക്കും. ഗുരുധർമ പ്രചാരണസഭയുടെ ആഭിമുഖ്യത്തിൽ 21ന് സർവമത സമ്മേളന പദയാത്ര നടത്തും. 24ന് വൈക്കം സത്യാഗ്രഹ ശതാബ്ദി സ്മൃതി പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.
ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവരാണ് തീർഥാടന സമ്മേളനങ്ങൾക്ക് കാർമികത്വം വഹിക്കുന്നത്.