മേള നടത്തിയത് താൻ ഒറ്റയ്ക്കെന്ന ആറാം തമ്പുരാൻ ഭാവമാണ് രഞ്ജിത്തിന്; രൂക്ഷ വിമർശനവുമായി അക്കാദമി ജനറൽ കൗൺസിൽ
Friday, December 15, 2023 3:44 PM IST
തിരുവനന്തപുരം: ചലച്ചിത്രമേളയുടെ ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ഏകാധിപതിയെപോലെയാണ് പെരുമാറുന്നതെന്നും അക്കാദമിയെ അവഹേളിക്കുന്ന മാടന്പി പ്രവർത്തനമാണ് രഞ്ജിത്ത് നടത്തുന്നതെന്നും ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം മനോജ് കാന.
അഭിപ്രായപ്രകടനങ്ങൾ തിരുത്തണമെന്ന് സൗഹാർദപരമായ രീതിയിൽ അദ്ദേഹത്തിനോട് പറഞ്ഞുകൊടുത്തതാണെന്നും എന്നാൽ അതൊന്നും കേൾക്കാൻ അയാൾ തയ്യാറാകുന്നില്ലെന്നും കൗൺസിൽ അംഗങ്ങൾ പറയുന്നു. ഒന്നുകിൽ രഞ്ജിത്തിനെ തിരുത്തണമെന്നും അല്ലെങ്കിൽ പുറത്താക്കണമെന്നും സാംസ്കാരിക മന്ത്രിക്ക് കത്ത് നൽകിയതായും അവർ പറഞ്ഞു.
ചെയർമാനോട് യാതൊരുവിധ വിധേയത്വവും ആർക്കുമില്ല. അക്കാദമിയെ അവഹേളിക്കുന്ന സമീപനമാണ് രഞ്ജിത്ത് നടത്തുന്നത്. മുണ്ടിന്റെ കോന്തലയും പിടിച്ച് ആറാംതമ്പുരാനെ പോലെ നടന്ന് മേളയെല്ലാം താൻ ചെയ്തതെന്ന ഭാവമാണ് രഞ്ജിത്തിനുള്ളത്.
വരിക്കാശേരി മനയിലെ ലൊക്കേഷനല്ല ഇതെന്നും ചലച്ചിത്ര മേളയുടെ വേദിയാണിതെന്നും രഞ്ജിത്ത് മനസിലാക്കണമെന്നും മനോജ് കാന പറയുന്നു.
സമാന്തരമായി യോഗം ചേർന്നത് ഇത്തരം കാര്യങ്ങൾ സർക്കാരിനെ അറിയിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും ആരെങ്കിലും ഒരാൾ തീരുമാനിക്കുന്നത് പോലെയല്ല അക്കാദമിയിലെ കാര്യങ്ങൾ നടക്കുന്നതെന്നും ആർക്കും എതിരല്ല തങ്ങളെന്നും ജനറൽ കൗൺസിൽ അംഗങ്ങൾ പറഞ്ഞു.