സിനിമ, സൗഹൃദം, സംവാദം! ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം
Friday, December 15, 2023 12:35 PM IST
തിരുവനന്തപുരം: 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അരങ്ങോഴിയും. ലോകത്തിന്റെ എല്ലാ കോണിലുമുള്ള കലാകാരൻമാരും സിനിമ പ്രേമികളും ഒന്നിച്ചു ചേർന്നപ്പോൾ ഇത്തവണയും രാജ്യാന്തര ചലച്ചിത്രമേള വർണാഭമായി. ഹൃദയത്തോടു ചേർത്തുവയ്ക്കാവുന്ന ഒരുപിടി സൗഹൃദത്തിന്റെ ഓർമകളുമായി ഇന്ന് ഡെലിഗേറ്റുകൾ വിടപറയും.
സൗഹൃദത്തിന്റെയും ആഘോഷങ്ങളുടെയും ആനന്ദത്തിന്റെയും അടുത്ത ചലച്ചിത്രമേളയ്ക്കായി ഇനി ഒരു വർഷം നീണ്ട കാത്തിരിപ്പ്. മലയാളത്തിന്റെ ചലച്ചിത്രമേഖലയ്ക്ക് ഒരു പൊൻതൂവൽ കൂടി സമ്മാനിച്ചാണ് 28-ാമത് രാജ്യാന്തര ചലച്ചിത്രമേള അവസാനിക്കുന്നത്.
ചൂടുപിടിച്ച സിനിമ ചർച്ചകൾ, സംവാദങ്ങൾ, പ്രേക്ഷകർ നിറഞ്ഞു കവിഞ്ഞ സിനിമ വേദികൾ അങ്ങനെ സവിശേഷമായ ഒരനുഭൂതി പകരാൻ രാജ്യാന്തര ചലച്ചിത്രമേളയ്ക്കു കഴിഞ്ഞു.
ഇത്തവണ ചലച്ചിത്രമേളയുടെ മറ്റൊരു സവിശേഷത മാനവീയം വീഥിയിലെ കലാസന്ധ്യകളായിരുന്നു. നേരം പുലരുംവരെ ആരവമുണർത്തി പാട്ടും നൃത്തവുമായി ആഘോഷങ്ങളുടെ രാവുകളായിരുന്നു അവിടെ. കലയും സാഹിത്യവും കോർത്തിണക്കി ചിന്തകളിൽ പുത്തൻ ഭാവുകത്വങ്ങൾ പകർന്ന് കേരള രാജ്യാന്തര ചലച്ചിത്രമേള ഏവരുടെയും മനസുകീഴടക്കിയ ഉത്സവമായിയിരുന്നു.
ചലച്ചിത്രമേളയിൽ സുവർണ ചകോരം ഉൾപ്പടെ മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി 11 പുരസ്കാരങ്ങളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്കാര ചിത്രത്തിനുമുള്ള രജത ചകോരം, മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ ചകോരം, മികച്ച മത്സര ചിത്രത്തിനും മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്കാരം, മികച്ച ഏഷ്യൻ സിനിമയ്ക്കും മലയാള ചിത്രത്തിനുമുള്ള നെറ്റ് പാക്ക്, കെ.ആർ. മോഹനൻ എൻഡോവ്മെന്റ്, ലൈഫ് ടൈം അച്ചീവ്മെന്റ്, സ്പിരിറ്റ് ഓഫ് സിനിമ എന്നീ പുരസ്കാരങ്ങളാണു ചലചിത്രമേളയിൽ സമ്മാനിക്കുക.