ശബരിമലയിൽ നടക്കുന്നതു മനുഷ്യാവകാശ ധ്വംസനം: കുമ്മനം രാജശേഖരൻ
Wednesday, December 13, 2023 10:58 PM IST
തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്നതു നഗ്നമായ മനുഷ്യാവകാശ ധ്വംസനമാണെന്നു ബിജെപി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിയും ദേവസ്വം ബോർഡും ഭക്തരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നരകയാതന അനുഭവിക്കുന്ന അയ്യപ്പഭക്തരുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും മനുഷ്യാവകാശ കമ്മീഷനും വനിതാ, ബാലാവകാശ കമ്മീഷനുകളും അടിയന്തരമായി ഇടപെടണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
ശബരിമയിൽ വരിക എന്നതു ഭക്തന്റെ ഭരണഘടനാ അവകാശമാണ്. ഭക്തനു കുടിവെള്ളം, ആഹാരം, താമസം, ചികിത്സ, ഗതാഗതം, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യം ഒരുക്കുക എന്നതു സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തവുമാണ്.
ഇതൊന്നും ചെയ്യാതെ ഭക്തർ കൂടുതലായി എത്തിയതാണു പ്രശ്നങ്ങൾക്കു കാരണമെന്ന മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും പ്രസ്താവനകൾ അടിസ്ഥാനരഹിതമാണെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.