ഡൊണാള്‍ഡ് ടസ്ക് പോളണ്ടിന്റെ പ്രധാനമന്ത്രി
Tuesday, December 12, 2023 3:24 AM IST
വാഴ്സോ: പോളണ്ടില്‍ അധികാരത്തില്‍ തിരിച്ചെത്തി മുന്‍ പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്ക്. ബുധനാഴ്ച പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം അധികാരമേല്‍ക്കും.
യൂറോപ്യന്‍ യൂണിയന് അതോറിറ്റിയുമായി നിരന്തരം കലഹിച്ചിരുന്ന, പോപ്പുലിസ്റ്റ് ലോ ആന്‍ഡ് ജസ്റ്റിസ് (പിഐഎസ്)പാര്‍ട്ടിയുടെ എട്ടു വര്‍ഷം നീണ്ട ഭരണത്തിനാണ് ഇതോടെ അന്ത്യമായത്.
ഡോണാള്‍ഡ് ടസ്ക്കിന്റെ പാര്‍ട്ടി ഉള്‍പ്പെട്ട സഖ്യം ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയംവരിച്ചിരുന്നുവെങ്കിലും ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നില്ല.
മാത്യൂസ് മൊറാവിസ്കി നയിച്ച പിഐഎസ് ആയിരുന്നു തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നാല്‍ മറ്റു കക്ഷികള്‍ പിഐഎസുമായി സഖ്യം ചേരാന്‍ വിസമ്മതിച്ചതോടെ ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാൻ പിഐഎസിന് കഴിയാതെ പോവുകയായിരുന്നു.
പിഐഎസുമായി അടുപ്പം പുലര്‍ത്തുന്ന പ്രസിഡന്റ് ആന്‍ഡ്സീ ഡൂഡ മൊറാവിസ്കിയെ അല്ലാതെ മറ്റാരെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാന്‍ തയ്യാറല്ലായിരുന്നു. അതോടെ സര്‍ക്കാര്‍ രൂപീകരണം ആഴ്ചകള്‍ നീളുകയായിരുന്നു.
എന്നാല്‍ തിങ്കളാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍ മൊറാവിസ്കിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നതോടെ ഡൊണാള്‍ഡ് ടസ്ക് വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുകയായിരുന്നു.
190 എംപിമാര്‍ മൊറാവിസ്കിയെ പിന്തുണച്ചപ്പോള്‍ 266 പേരാണ് അദ്ദേഹത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. തുടര്‍ന്ന് പാര്‍ലമെന്റ് ടസ്ക്കിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യുകയായിരുന്നു.
2007ലും 2014ലുമാണ് ടസ്ക് ഇതിനു മുമ്പ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടസ്ക്കിന്റെ സിവിക് പാര്‍ട്ടി ഉള്‍പ്പെട്ട സഖ്യം 70 ശതമാനത്തിലേറെ വോട്ട് നേടിയിരുന്നു.