സുരക്ഷിത ഭക്ഷണം: ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റിന് ലഭിച്ചത് 114 റെയിൽവേ സ്റ്റേഷനുകൾക്ക്, കേരളത്തിൽ 21
വെബ് ഡെസ്ക്
Monday, December 11, 2023 6:56 AM IST
കണ്ണൂർ: രാജ്യത്ത് സുരക്ഷിത ഭക്ഷണം നൽകുന്ന റെയിൽവേ സ്റ്റേഷനുകൾക്ക് നൽകുന്ന ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റിന് അർഹമായി കേരളത്തിലെ 21 സ്റ്റേഷനുകൾ. രാജ്യത്താകമാനം 114 റെയിൽവേ സ്റ്റേഷനുകൾക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ആണ് ഇത് സംബന്ധിച്ച റേറ്റിംഗ് നൽകുന്നത്. ഇന്ത്യയിൽ ആകെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നര ശതമാനത്തിനാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.
7,349 റെയിൽവേ സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്. ഇതിൽ ഹാൾട്ട് സ്റ്റേഷനുകളും ഉൾപ്പെടുന്നു. ആകെ 199 റെയിൽവേ സ്റ്റേഷനുകളുള്ള കേരളത്തിൽ 21 എണ്ണത്തിന് മാത്രമാണ് സർട്ടിഫിക്കറ്റിന് യോഗ്യത നേടാനായത്.
ഭക്ഷണം പാകം ചെയ്യുന്പോഴും വിതരണം ചെയ്യുന്പോഴും മികച്ച ശുചിത്വവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന സ്റ്റേഷനുകൾക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ നല്ലൊരു ഭാഗം സ്റ്റേഷനുകളിലെ സ്ഥാപനങ്ങളും ഗുണനിലവാരം സംബന്ധിച്ച സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടില്ല.
ശുചിത്വം മുതൽ മാലിന്യസംസ്കരണം വരെയുള്ള കാര്യങ്ങൾ സൂക്ഷ്മമായി മനസിലാക്കിയ ശേഷമാണ് സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ് നൽകുന്നത്.
കേരളത്തിൽ തലശേരി, കണ്ണൂർ, പാലക്കാട് ജംക്ഷൻ, ചാലക്കുടി, പരപ്പനങ്ങാടി, ഷൊർണൂർ ജംക്ഷൻ, ചെങ്ങന്നൂർ, ചങ്ങനാശേരി, വർക്കല, വടകര, തിരൂർ, ആലപ്പുഴ, ആലുവ, കോട്ടയം, തിരുവല്ല, അങ്കമാലി, കരുനാഗപ്പള്ളി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, കൊല്ലം എന്നീ സ്റ്റേഷനുകൾക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.