ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; നശിപ്പിച്ച നിലയിൽ വ്യാജ നന്പർ പ്ലേറ്റ് കണ്ടെത്തി
Monday, December 11, 2023 1:37 AM IST
കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം.
കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിൽ ആ സമയം ഉണ്ടായിരുന്ന നന്പർ പ്ലേറ്റ് നശിപ്പിച്ച നിലയിൽ കണ്ടെത്തി. വ്യാജ നന്പർ പ്ലേറ്റാണിത്.
കുളത്തൂപ്പുഴയ്ക്കും ആര്യങ്കാവിനും ഇടയില്‍ നിന്നാണ് കണ്ടെത്തിയത്. ഒടിച്ച് നുറുക്കി കാട് മൂടിയ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു വ്യാജ നമ്പര്‍ പ്ലേറ്റ്.
ഇതിന് പുറമേ പ്രതികള്‍ കത്തിച്ച സ്കൂള്‍ ബാഗിന്റെ ഭാഗങ്ങളും പെന്‍സില്‍ ബോക്സും പോളച്ചിറ ഫാം ഹൗസില്‍ നിന്ന് കണ്ടെടുത്തു. ഒന്നാംപ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാം ഹൗസ്, കുട്ടിക്ക് ഭക്ഷണം വാങ്ങിയ ഹോട്ടല്‍, പ്രതികളെ പിടികൂടിയ തെങ്കാശിക്കടുത്തുള്ള പുളിയറ എന്നിവിടങ്ങളില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്തും തെളിവെടുപ്പ് നടത്തും.
മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ. ആര്. പത്മകുമാര്‍ (52), ഭാര്യ എം. ആര്. അനിതകുമാരി (45), മകള്‍ പി. അനുപമ (20) എന്നിവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.