മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവ് മരിച്ചു; ചികിത്സ വൈകിയെന്ന് പരാതി
Sunday, December 10, 2023 3:00 PM IST
കണ്ണൂര്‍: അയ്യന്‍കുന്നില്‍ മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ ചികിത്സ വൈകിയെന്ന ആരോപണവുമായി ബന്ധുക്കള്‍. ഇരിട്ടി താലൂക്ക് ആശുപത്രിയിലും പെരിയാരം മെഡിക്കല്‍ കോളജിലും ചികിത്സ വൈകിപ്പിച്ചെന്നാണ് പരാതി.
അയ്യന്‍കുന്ന് സ്വദേശി രാജേഷ് ആണ് ഇന്ന് രാവിലെ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജേഷിനെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെനിന്ന് രക്തപരിശോധനാഫലം ലഭിക്കാന്‍ മണിക്കൂറുകളോളം കാത്തിരുന്നു.
പിന്നീട് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഇവിടെവച്ച് ശനിയാഴ്ച വൈകിട്ട് വരെ ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും മതിയായ ചികിത്സ കിട്ടിയില്ലെന്നുമാണ് പരാതി.
അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഐസിയുവിലേക്ക് മാറ്റിയതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. കുടുംബം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ഫോണിലൂടെ പരാതി അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
അതേസമയം തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയായിരുന്നു മരിച്ച രാജേഷ് എന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.