പോലീസ് നായ കല്യാണിയെ കൊന്നതോ? ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥർക്കെതിരെ നടപടി: അന്വേഷണം ഊർജിതം
വെബ് ഡെസ്ക്
Sunday, December 10, 2023 7:53 AM IST
തിരുവനന്തപുരം: ഒട്ടനവധി കേസുകൾക്ക് നിർണായക തുന്പുണ്ടാക്കിയ പോലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. നായ ചത്തത് വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ വ്യക്തമാക്കിയതിന് പിന്നാലെയാണ് ദൂരൂഹത വർധിച്ചത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. നായയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് അയയ്ച്ചതായും പോലീസ് അറിയിച്ചു. പൂന്തുറ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നായ ചത്ത സംഭവത്തില്‍ പൂന്തുറ ഡോഗ് സ്ക്വാഡ് എസ്ഐ ഉണ്ണിത്താൻ, നായയെ പരിശീലിപ്പിച്ച രണ്ട് പോലീസുകാർ എന്നിവർക്കെതിരെ നടപടിയെടുത്തു. തിരുവനന്തപുരം സിറ്റി പോലീസിന്‍റെ ഡോഗ് സ്ക്വാഡ് അംഗമായിരുന്നു ഇൻസ്പെക്ടർ റാങ്കിലുള്ള കല്യാണി. എട്ട് വയസുള്ള കല്യാണി നവംബർ 20നാണ് ചത്തത്.