കാനം രാജേന്ദ്രന്റെ ഭൗതികശരീരം കാനത്തെത്തിച്ചു
വെബ് ഡെസ്ക്
Sunday, December 10, 2023 5:40 AM IST
കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം കാനത്തെ വീട്ടിലെത്തിച്ചു. പുലർച്ചെ രണ്ടരയോടെയാണ് വിലാപയാത്രയായി ഭൗതികശരീരം വീട്ടിലെത്തിച്ചത്. ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളേടെ സംസ്കാരചടങ്ങുകൾ നടക്കും.
വിലാപയാത്രയിലുടനീളം ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഞായറാഴ്ച പുലർച്ചെ ഒന്നോടെയാണ് വിലാപയാത്ര കോട്ടയം ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, എംഎൽഎമാർ എന്നിവരുൾപ്പടെ ഇന്ന് കാനത്തെ വീട്ടിലെത്തും. പട്ടത്തെ പാർട്ടി ഓഫീസിൽ നടന്ന പൊതുദർശനത്തിൽ തിരുവനന്തപുരം നിവാസികളും വിവിധ കക്ഷിനേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു.