വരും ദിനങ്ങളിൽ വായ്പാ വിതരണം ഉയർന്നേക്കും: റിപ്പോയിലെ "സ്ഥിരത' നിങ്ങൾക്കും പ്രയോജനപ്പെടുത്താം
വെബ് ഡെസ്ക്
Saturday, December 9, 2023 4:41 AM IST
മുംബൈ: റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തന്നെ നിലനിർത്താൻ ആർബിഐയുടെ പണനയ സമിതിയുടെ യോഗത്തിൽ തീരുമാനമായതോടെ വരും ദിവസങ്ങളിൽ രാജ്യത്തെ ബാങ്കുകളിലെ വായ്പാ വിതരണം വർധിച്ചേക്കും.
റിപ്പോയിൽ മാറ്റമില്ലാത്തതിനാൽ നിലവിലെ വായ്പകളുടെ പലിശ നിരക്കുകളിൽ ഉടനടി ഏറ്റക്കുറച്ചിലുകളുണ്ടാകുമോ എന്ന് സംശയിക്കേണ്ടതില്ല. മാത്രമല്ല സ്ഥിരമായ നിലയിൽ പലിശ നിരക്ക് തുടരുന്നത് വായ്പയെടുക്കുന്നവർക്ക് മികച്ച സാന്പത്തിക ആസൂത്രണത്തിനുള്ള അവസരമാണ് നൽകുന്നത്.
രാജ്യത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ള ഭവന വായ്പകളുടെ വിതരണം വരും ദിവസങ്ങളിൽ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല പലിശ നിരക്കിൽ മാറ്റമില്ലാത്തതിനാൽ വിവിധ വായ്പാ ദാതാക്കളുടെ പലിശ നിരക്കുകളും മറ്റ് ഘടകങ്ങളും സൂക്ഷ്മമായി വിലയിരുത്തി താരതമ്യം ചെയ്ത് വായ്പയെടുക്കാൻ സാധാരണക്കാർക്കുൾപ്പടെ അവസരമൊരുങ്ങും.
രംഗത്ത് മത്സരം കടുക്കുന്നതിനാൽ പ്രോസസ്സിംഗ് ഫീസിലുൾപ്പടെ ഇളവ് നൽകാനുള്ള നീക്കവും വായ്പാദാതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായേക്കും. താങ്ങാനാവുന്ന പലിശ നിരക്കിൽ വായ്പയെടുക്കുന്പോൾ കൃത്യമായി തിരിച്ചടച്ച് മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്താനുള്ള സാഹചര്യവും നിലവിലുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.