ഓവർ ഡ്രാഫ്റ്റിൽ നിന്ന് കരകയറാനാകാതെ നട്ടംതിരിഞ്ഞ് സംസ്ഥാന സർക്കാർ
Saturday, December 9, 2023 4:07 AM IST
തിരുവനന്തപുരം: ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളം വീണ്ടും ഓവർ ഡ്രാഫ്റ്റിൽ. ഓവർ ഡ്രാഫ്റ്റിൽനിന്ന് കരകയറാൻ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സർക്കാർ.
നിലവിൽ രണ്ടായിരത്തോളം കോടി രൂപയാണ് ഓവർഡ്രാഫ്റ്റ്. തുക ഇനിയും കൂടിയാൽ തിരിച്ചടവ് പ്രശ്നമാകും. അതിനാലാണ് ഭൂരിഭാഗം ട്രഷറി ഇടപാടുകളും നിർത്തിവെച്ചിരിക്കുന്നത്.
ദിവസങ്ങളായി ശമ്പളവും പെൻഷനുമല്ലാതെ മറ്റുബില്ലുകളൊന്നും ട്രഷറിയിൽനിന്ന് മാറി നൽകുന്നില്ല. ഓവർഡ്രാഫ്റ്റ് തുക കൂടാതിരിക്കാനാണ് ഈ കടുത്തനിയന്ത്രണം.
ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ തുടങ്ങിയ വിരമിക്കൽ ആനുകൂല്യങ്ങൾ നിർത്തിവെക്കാനും വെള്ളിയാഴ്ച വാക്കാൽ നിർദേശം നൽകി. ഇതിനായി എത്തുന്നവരെ പണം വൈകാതെ കിട്ടുമെന്നുപറഞ്ഞ് ആശ്വസിപ്പിക്കാനാണ് ട്രഷറി ഉദ്യോഗസ്ഥരോട് നിർദേശിച്ചിരിക്കുന്നത്.
ട്രഷറിയിൽ പണമില്ലാതെ വരുമ്പോൾ റിസർവ് ബാങ്ക് നിത്യനിദാന ചെലവിനായി താത്കാലിക വായ്പ (വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ്) നൽകും. 1670 കോടി രൂപയാണ് ഇങ്ങനെ പരമാവധി എടുക്കാവുന്നത്.
ഈ പരിധികഴിഞ്ഞ് കൂടുതൽ തുക എടുക്കുമ്പോഴാണ് ഓവർ ഡ്രാഫ്റ്റിലാവുന്നത്. വെയ്സ് ആൻഡ് മീൻസ് അഡ്വാൻസിന് തുല്യമായ തുകകൂടി ഓവർഡ്രാഫ്റ്റ് എടുക്കാം. ഇതും രണ്ടും 14 ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കിൽ ട്രഷറി ഇടപാടുകൾ പൂർണമായും നിർത്തിവെക്കേണ്ടിവരും.
ട്രഷറിയിൽ പണംവരവ് കുറയുമ്പോൾ മറ്റ് സ്രോതസുകളെ ആശ്രയിക്കാതെ കുറഞ്ഞ പലിശനിരക്കിൽ റിസർവ് ബാങ്കിൽനിന്നുതന്നെ പണം കിട്ടും എന്നതാണ് ഓവർഡ്രാഫ്റ്റിന്റെ പ്രത്യേകത.
എന്നാൽ, അത് നിശ്ചിതദിവസത്തിനകം തിരിച്ചടയ്ക്കാനുള്ള മാർഗം വേണം. കേരളമാകട്ടെ, ഡിസംബറിനുശേഷം എടുക്കേണ്ട വായ്പയിൽ 2000 കോടി മുൻകൂറായി എടുത്തുകഴിഞ്ഞു.
ഇനിയും വായ്പയെടുക്കണമെങ്കിൽ കേന്ദ്രാനുമതി വേണം. അതിനാൽ മറ്റ് ചെലവുകൾ വെട്ടിക്കുറച്ച് ഓവർഡ്രാഫ്റ്റ് നികത്തേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഈവർഷം ജൂലൈയിൽ കേരളം 14 ദിവസത്തോളം ഓവർ ഡ്രാഫ്റ്റിലായിരുന്നു. കഴിഞ്ഞമാസവും പ്രതിസന്ധിയുണ്ടായി. രണ്ടായിരംകോടി രൂപ വായ്പയെടുത്താണ് അപ്പോൾ ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കിയത്.
ട്രഷറികളിലെ നീക്കിയിരിപ്പ് തുക വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൂജ്യമാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. സാധാരണയായി മൂന്നുമാസത്തിലൊരിക്കൽ, സാമ്പത്തിക വർഷത്തിലെ ഓരോ പാദവും അവസാനിക്കുമ്പോഴാണ് ഇങ്ങനെ ചെയ്യുന്നത്.
ബില്ലുകൾക്കായി വിതരണം ചെയ്യാൻ ട്രഷറി ഓഫീസർമാർ പിൻവലിച്ചുവെച്ചിരിക്കുന്ന പണം തിരികെ ട്രഷറി അക്കൗണ്ടിലേക്ക് ഇടുമ്പോഴാണ് നീക്കിയിരിപ്പ് പൂജ്യമാകുന്നത്. ട്രഷറിയിൽ നീക്കിയിരിപ്പ് പരിമിതമായതിനാൽ പണം ചെലവാക്കുന്നതിൽ കരുതൽ വേണം.
സർക്കാരിന്റെ തുടർന്നുള്ള നിർദേശപ്രകാരമല്ലാതെ പണം ചെലവഴിക്കപ്പെടാതിരിക്കാനും ദുരുപയോഗസാധ്യത തടയാനുമാണ് ഇപ്പോൾ ഈ നിർദേശം നൽകിയതെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
രണ്ടാംശനിയും ഞായറും കാരണം ഇനി തിങ്കളാഴ്ചയേ ട്രഷറി തുറക്കൂ. അടുത്ത ആഴ്ചയോടെ കൂടുതൽ പണമെത്തുമെന്നും കടുത്തനിയന്ത്രണങ്ങൾ ഒഴിവാക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് സർക്കാർ.