റിപ്പോ നിരക്കില്‍ മാറ്റമില്ല, യുപിഐ പേയ്മെന്റ് പരിധി ഉയര്‍ത്തി ആര്‍ബിഐ
Friday, December 8, 2023 3:06 PM IST
മുംബൈ: റിപ്പോ നിരക്ക് 6.5 ശതമാനം തന്നെ ആയിരിക്കുമെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചതോടെ പലിശ നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായി. തുടർച്ചയായ അഞ്ചാം തവണയാണ് റിപ്പോ നിരക്കിൽ മാറ്റമുണ്ടാകാത്തത്. ഫെബ്രുവരിയിലാണ് അവസാനമായി റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയര്‍ത്തിയത്.
മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിനു ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് റിപ്പോ നിരക്കിൽ മാറ്റമുണ്ടാകില്ലെന്നു പ്രഖ്യാപിച്ചത്. ആറംഗ എംപിസി യോഗം ഐകകണ്ഠേനയാണ് നിരക്കിൽ മാറ്റം വേണ്ട എന്നു തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതുമൂലം നിലവിലെ വിപണിയിലെ പലിശ നിരക്കുകൾ എല്ലാം തന്നെ അതേപടി തുടരാനാണ് സാധ്യത. റിപ്പോ നിരക്കിൽ മാറ്റമില്ലെന്ന പ്രഖ്യാപനം വന്നതോടെ ഓഹരി വിപണയിൽ വൻ മുന്നേറ്റമുണ്ടായി.
സെപ്റ്റംബർ മാസം പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം 7.6 ശതമാനമായി രേഖപ്പെടുത്തിയിരുന്നു. പ്രതീക്ഷിച്ചതിലും മികച്ച സാന്പത്തിക വളർച്ചയാണ് രേഖപ്പെടുത്തിയത്. സാന്പത്തിക നില സുസ്ഥിരമായി തുടരുന്നതും പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞതും കണക്കിലെടുത്താണ് നിരക്കിൽ മാറ്റം വരുത്താത്തത്.
മോണിറ്ററി പോളിസി കമ്മിറ്റി ചില പ്രത്യേക ഇടപാടുകള്‍ക്കുള്ള യുപിഐ പേയ്മെന്റ് പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ള യുപിഐ പേയ്മെന്റ് പരിധി ഓരോ ഇടപാടിനും ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ചുലക്ഷം രൂപയായിട്ടാണ് ആര്‍ബിഐ ഉയര്‍ത്തിയത്.