നാട്ടുകാരുടെ ചിലവില്‍ മന്ത്രിമാര്‍ രാഷ്ടീയ പ്രചാരണം നടത്തുന്നു: സതീശന്
Friday, December 8, 2023 1:07 PM IST
കൊച്ചി: വിദൂഷകന്മാരുടെ വിധേയരുടെയും സദസാണ് പിണറായി വിജയന്റെ രാജസദസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മന്ത്രിസഭാ അംഗങ്ങള്‍ക്ക് ആര്‍ക്കെങ്കിലും മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി അഭിപ്രായം പറയാനുള്ള ധൈര്യമുണ്ടോയെന്നും സതീശന് ചോദിച്ചു.
യുഡിഎഫിന്റെ അഭിപ്രായം പറയേണ്ടത് പ്രതിപക്ഷ നേതാവല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. യുഡിഎഫില്‍ ആര് അഭിപ്രായം പറയണമെന്ന് തങ്ങള്‍ തീരുമാനിച്ചുകൊള്ളാമെന്നും സതീശന് പ്രതികരിച്ചു.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി കൂടിയാലും മന്ത്രിസഭാ യോഗം ചേര്‍ന്നാലും പോക്കറ്റില്‍നിന്ന് കടലാസെടുത്ത് ഇതാണ് തീരുമാനമെന്ന് പറഞ്ഞ് മറ്റുള്ളവരെ പേടിപ്പിച്ച് അനുസരിപ്പിക്കുന്ന ആളാണ് പിണറായി. എന്നിട്ട് അദ്ദേഹം കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്ന് വിമര്‍ശിക്കുകയാണ്.
പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ പിണറായി വി.എസിനെതിരേ നടത്തിയ കുത്തിത്തിരുപ്പുകളെക്കുറിച്ച് തങ്ങളെക്കൊണ്ട് പറയിപ്പിക്കരുതെന്നും സതീശൻ കൂട്ടിച്ചേർത്തു.
നവകേരള സദസിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ പ്രചരണം നടത്തുകയാണെന്നും സതീശന് വിമര്‍ശിച്ചു. പ്രതിപക്ഷത്തിനെതിരേ വിമര്‍ശനം നടത്തുന്ന വേദി എങ്ങനെയാണ് സര്‍ക്കാരിന്റെ സദസാകുന്നതെന്നും സതീശന് ചോദിച്ചു.