അവര്‍ യാത്രയായി; കാഷ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച യുവാക്കളുടെ മൃതദേഹം സംസ്കരിച്ചു
Friday, December 8, 2023 12:05 PM IST
പാലക്കാട്: കാഷ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ നാല് യുവാക്കളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. നാലുപേരുടെയും മൃതദേഹങ്ങളും ഒരുമിച്ചാണ് സംസ്കരിച്ചത്. ചിറ്റൂര്‍ മന്തക്കാട് പൊതുശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്.
ഈ മാസം അഞ്ചിനാണ് ചിറ്റൂര്‍ നെടുങ്ങോട് സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്നേഷ് എന്നിവര്‍ ശ്രീനഗര്‍-ലേ ഹൈവേയിലെ സോജില ചുരത്തില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
ടെക്നിക്കല്‍ ഹൈസ്കൂളിനു സമീപം നെടുങ്ങോട്ടില്നിന്നും കാഷ്മീരിലേക്കു വിനോദസഞ്ചാരത്തിനു പോയ 13 അംഗ സംഘത്തിലെ നാലുപേരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ച രണ്ട് കാറുകളിലൊന്ന് റോഡില്‍ ന്ന് തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് നാലുപേരുടെയും മൃതദേഹങ്ങള്‍ മുംബൈ വഴി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന ആറ് പേരും വിമാന മാര്‍ഗം നാട്ടിലെത്തിയിരുന്നു.
കൊച്ചിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ പിന്നീട് ആംബുലന്‍സ് മാര്‍ഗം സ്വദേശമായ ചിറ്റൂരിലെത്തിക്കുകയായിരുന്നു. ചിറ്റൂര്‍ ടെക്നിക്കല്‍ സ്കൂളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ അവരവരുടെ വീടുകളിലെത്തിച്ചു.
മറ്റുചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ചിറ്റൂര്‍ മന്തക്കാട് പൊതുശ്മശാനത്തിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു.