മാസപ്പടിയിലെ വിജിലന്‍സ് അന്വേഷണം; മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി നിർദേശം
Friday, December 8, 2023 11:07 AM IST
കൊച്ചി: കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രിയും മകള്‍ വീണ വിജയനും മറ്റ് രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി .മുഖ്യമന്ത്രി അടക്കമുള്ളവരെ കോടതി കേസില്‍ സ്വമേധയാ കക്ഷി ചേര്‍ത്തു.
സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് പണം വാങ്ങിയവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരേ ഗിരീഷ് ബാബു ആണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റീസ് കെ.ബാബുവാണ് ഹര്‍ജി പരിഗണിച്ചത്.
എതിര്‍കക്ഷികളുടെ വാദം കേള്‍ക്കാതെ ഹർജിയിൽ തീരുമാനം എടുക്കാനാവില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണാ വിജയന്, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഉള്‍പ്പെടെയുള്ള 12 പേര്‍ക്ക് നോട്ടീസ് അയയ്ക്കാൻ കോടതി നിർദേശം നൽകി.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ വിധി തെറ്റാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ അറിയിച്ചിരുന്നു. വിജിലന്‍സ് കോടതി കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും, രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്നതിന് സാക്ഷിമൊഴികള്‍ ഉള്ള സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നുവെന്നുമായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.