രേവന്ത് റെഡ്ഡിയും മന്ത്രിമാരും ഇന്ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ ഉടൻ
Thursday, December 7, 2023 12:25 PM IST
ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഢി ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.04നാണ് സത്യപ്രതിജ്ഞ നടക്കുക. മുഖ്യമന്ത്രിക്കൊപ്പം 12 മന്ത്രിമാരും ഇന്ന് അധികാരമേല്‍ക്കും.
119 അംഗ നിയമസഭയിൽ കോൺഗ്രസിന് 64 അംഗങ്ങളുണ്ട്. ഒരു സിപിഐ അംഗത്തിന്റെ പിന്തുണയും കോൺഗ്രസിനുണ്ട്.
മല്ലു ഭട്ടി വിക്രമർക്കയാണ് പുതിയ ഉപമുഖ്യമന്ത്രി. ഉത്തം കുമാർ റെഡ്ഡി, ശ്രീധർ ബാബു, പൊന്നം പ്രഭാകർ, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ദാമോദർ രാജനരസിംഹ, പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, ദാന അനസൂയ, തുമ്മല നാഗേശ്വര റാവു, കൊണ്ടാ സുരേഖ, ജൂപള്ളി കൃഷ്ണറാവു എന്നിവരാണ് രേവന്ത് റെഡ്ഡിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർ.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ഒരു ലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, തെലുങ്കാനയുടെ കോൺഗ്രസ് ചുമതലയുള്ള മണിക്റാവു താക്കറെ എന്നിവരും വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
തെലുങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി, ടിഡിപി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ചുമതലയേറ്റതിന് ശേഷം രേവന്ത് റെഡ്ഡി തന്റെ തെരഞ്ഞെടുപ്പ് ഉറപ്പ് നിറവേറ്റുന്ന ആദ്യ ഫയലിൽ ഒപ്പിടും.