സഹകരണ ഡേറ്റാബേസിന് വിവരങ്ങൾ കൈമാറാതെ കേരളം; ഗൂഢനീക്കമെന്ന് മന്ത്രി വാസവൻ
Thursday, December 7, 2023 6:31 AM IST
ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ തയ്യാറാക്കുന്ന സമഗ്ര സഹകരണ ഡേറ്റാ ബേസിലേക്ക് പ്രാഥമിക സഹകരണ സംഘങ്ങളുടെ വിവരം കൈമാറാതെ കേരളത്തിന്റെ കടുംപിടിത്തം.
നബാര്‍ഡ് വഴിയും മറ്റുമുള്ള കേന്ദ്ര സഹകരണവായ്പാപദ്ധതികള്ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സമഗ്ര സഹകരണ ഡേറ്റാബേസ് തയ്യാറാക്കുന്നത്.
ഭാവിയില്‍ പ്രാഥമിക സഹകരണസംഘങ്ങള്‍വഴി നടപ്പാക്കേണ്ട കേന്ദ്രസഹായപദ്ധതികള് ഇതുമൂലം കേരളത്തിന് നഷ്ടപ്പെട്ടേക്കും.
സഹകരണ രജിസ്ട്രാര്‍മാര്‍ മുഖേനയാണ് ഡേറ്റാവിവരങ്ങള്‍ കേന്ദ്ര ഡേറ്റാബേസിലേക്ക് കൈമാറേണ്ടത്. കേരളവും മണിപ്പൂരുമൊഴിച്ചുള്ള സംസ്ഥാനങ്ങള്‍ 97 ശതമാനത്തോളം വിവരങ്ങള്‍ കൈമാറി.
ആഭ്യന്തര പ്രശ്നങ്ങളാണ് മണിപ്പൂരിന് വിവരങ്ങൾ കൈമാറാനാകാതെ പോയതിന്റെ കാരണം. എന്നാൽ, കേരളത്തിൽ സർക്കാർ മനഃപൂർവം വിവരം കൈമാറാതെ ഇരിക്കുകയാണ്.
നേരത്തേ എതിര്‍പ്പുയര്‍ത്തിയിരുന്ന തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പിന്നീട് വിവരം കൈമാറുകയായിരുന്നു.
കാര്‍ഷിക, അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ക്കായി നബാര്‍ഡ് വഴി കൈമാറിക്കിട്ടുന്ന കേന്ദ്ര വായ്പാ ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഒറ്റക്കുടക്കീഴിലാക്കി വിതരണംചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഡേറ്റാബേസ് രൂപവത്കരിക്കുന്നത്.
നിലവില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് നബാര്‍ഡ് പദ്ധതികളുടെ വിതരണം. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോള്‍ ഡേറ്റാബേസിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍മാത്രമേ ധനസഹായം കിട്ടൂ.
കേരളത്തില്‍നിന്ന് 6103 പ്രാഥമിക സഹകരണസംഘങ്ങളുടെ വിവരം കൈമാറിയിട്ടുണ്ട് എന്നാണ് കേന്ദ്രം കഴിഞ്ഞദിവസം പാര്‍ലമെന്റിനെ അറിയിച്ചത്. 72 വിഭാഗങ്ങളിലായി കേരളത്തില്‍ 23,752 സഹകരണസംഘങ്ങളുണ്ട്.
കേരളം സ്വന്തമായിത്തന്നെ സഹകരണസംഘങ്ങള്‍ക്ക് ഡേറ്റാബേസ് തയ്യാറാക്കിയിട്ടുണ്ട്. അതിനുശേഷമാണിപ്പോള്‍ കേന്ദ്രം ഇത്തരം നീക്കവുമായി വരുന്നതെന്നും കേന്ദ്രത്തിന്റെ ഗൂഢനീക്കത്തിന് നിന്നുകൊടുക്കേണ്ടതില്ലെന്നാണ് സംസ്ഥാന സഹകരണമന്ത്രി വി.എന്‍. വാസവന് പറയുന്നത്.