സുഖ്ദേവ് വധം; രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ
Thursday, December 7, 2023 6:16 AM IST
ജയ്പുർ: കർണിസേന തലവന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപോലീസുകാർക്ക് സസ്പെൻഷൻ. ശ്യാം നഗർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെയും ബീറ്റ് കോൺസ്റ്റബിളിനെയും ജയ്പൂർ പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തു.
അതേസമയം, സംഭവത്തിൽ രാജസ്ഥൻ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെഹ്ലോട്ടിനെതിരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും ഗുരുതര ആരോപണമുയർത്തി കൊല്ലപ്പെട്ട സുഖ്ദേവ് സിംഗിന്റെ ഭാര്യ രംഗത്തെത്തി.
സുഖ്ദേവിന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെമന്ന് ആവശ്യപ്പെട്ട് അശോക് ഗെഹ്ലോട്ടിനും പോലീസ് ഉദ്യോഗസ്ഥർക്കും നിരവധിതവണ കത്ത് നൽകിയിരുന്നുവെന്നും എന്നാൽ മറുപടി നൽകിയില്ലെന്നും സുഖ്ദേവിന്റെ ഭാര്യ ഷില ഷെഖാവത്ത് ആരോപിച്ചു.
സുഖ്ദേവിനെ കൊലപ്പെടുത്താൻ പദ്ധതി നടക്കുന്നുണ്ടെന്ന് സൂചിപ്പിച്ച് പഞ്ചാബ് പോലീസ് കഴിഞ്ഞ ഫെബ്രുവരിയിൽ രാജസ്ഥാൻ ഡിജിപി ഉമേഷ് മിശ്രയ്ക്ക് കത്തെഴുതിയിരുന്നതായും ഷീല ഷെഖാവത്തും പറയുന്നു. കൂടാതെ ജയ്പൂർ ആന്റി ടെറർ സ്ക്വാഡും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഷീല വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് വീട്ടിലെത്തിയ മൂന്നുപേർ സുഖ്ദേവിനെ വെടിവച്ചു കൊന്നത്. മരണത്തിന് തൊട്ടുപിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുപ്രസിദ്ധ ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗ ഗോദാര രംഗത്തെത്തിയിരുന്നു.