മിഷോംഗ്; രാജ്നാഥ് സിംഗ് വ്യാഴാഴ്ച ചെന്നൈയിൽ
Wednesday, December 6, 2023 9:19 PM IST
ചെന്നൈ: കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യാഴാഴ്ച ചെന്നൈയിലെത്തും. മിഷോംഗ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ചെന്നൈയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് സന്ദർശനം.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. തമിഴ്നാട് സർക്കാർ 5060 കോടി രൂപയുടെ കേന്ദ്ര സഹായം തേടിയതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം.
ചെന്നൈ നഗരത്തിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ 12 പേരാണ് മരിച്ചത്. നഗരം മുഴുവൻ വെള്ളത്തിലാണ്. മഴ ശമിച്ചെങ്കിലും ഡാമുകളിൽനിന്നു വെള്ളം തുറന്നുവിട്ടതുമൂലം നഗരത്തിൽ വെള്ളം കുറയുന്നില്ല. വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയവരെ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളിലും ട്രാക്ടറുകളിലുമാണു രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചത്.
80 ശതമാനം പ്രദേശങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചെന്നും 70 ശതമാനം മൊബൈൽ ശൃംഖലയും പ്രവർത്തനസജ്ജമായെന്നും തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ പറഞ്ഞു.
ചെന്നൈ ഉൾപ്പെടെ ഒന്പതു ജില്ലകളിലായി ആയിരക്കണക്കിനു ദുരിതാശ്വാസ ക്യാന്പുകൾ തുറന്നെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചിരുന്നു.