തിരുവനന്തപുരം: യുവ ഡോക്ടറും മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയുമായിരുന്ന ഡോ.ഷഹാനയെ (26) ഫ്ളാറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയും വെഞ്ഞാറമ്മൂട് സ്വദേശിനിയുമായ ഡോ. ഷഹാനയെ ഫ്ളാറ്റിൽ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നുവെന്ന് വിവരത്തിന് പിന്നാലെ ഷഹാനയുടെ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പും ലഭിച്ചുവെന്ന സൂചനയും പുറത്ത് വന്നു. എല്ലാവര്‍ക്കും വേണ്ടത് പണമാണ് എന്നും, എല്ലാത്തിലും വലുത് പണമാണ് എന്നുമാണ് ഷഹാന കുറിപ്പില്‍ എഴുതിയിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

സുഹൃത്തായ ഡോക്ടര്‍ സ്ത്രീധനത്തിന്‍റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതാണ് ഷഹാനയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുടുംബം ആരോപിക്കുന്നതായും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.

ഡ്യൂട്ടിയ്ക്ക് കയറാന്‍ സമയമായിട്ടും എത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുകള്‍ ഫ്ളാറ്റിൽ വന്ന് പരിശോധിച്ചപ്പോള്‍ ഷഹാന അബോധാവസ്ഥയില്‍ കിടക്കുന്നത് കാണുകയും ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയുമായിരുന്നു. ആതമഹത്യ കുറിപ്പില്‍ ഷഹാന കൂടുതലെന്തെങ്കിലും സൂചിപ്പിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്.