മഴയ്ക്ക് ശമനം: ചെന്നൈയില്‍ കടകൾ തുറന്നു; മെട്രോ, ബസ് സര്‍വീസുകള്‍ പുനരാംരംഭിച്ചു
Tuesday, December 5, 2023 10:44 AM IST
ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ ഫലമുണ്ടായ കനത്ത മഴയ്ക്ക് ശമനം. ഇന്ന് രാവിലെ മുതല്‍ ചെന്നൈ നഗരത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണ്. പ്രധാനപ്പെട്ട പല റോഡുകളിലും വെള്ളമിറങ്ങി.
എന്നാല്‍ ദക്ഷിണ ചെന്നൈ, അടയാര്‍ അടക്കമുള്ള സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. ബസ് സര്‍വീസ് ഭാഗികമായി പുനരാംഭിച്ചു. മറ്റ് സ്വകാര്യ വാഹനങ്ങളും നിരത്തില്‍ ഇറങ്ങി തുടങ്ങി.
ചെന്നൈ വിമാനത്താളം ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ആദ്യ വിമാനം 10:45ന് മുംബൈയില്‍നിന്ന് എത്തും. വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് അതത് വിമാന സര്‍വീസുകളുടെ കാര്യം തിരക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മെട്രോ, റെയില്‍വേ സര്‍വീസുകളും പുനരാംരംഭിച്ചു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ചെങ്കല്‍പെട്ട് ജില്ലകളില്‍ ഇന്നും പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
നഗരത്തിലെ കടകളെല്ലാം രാവിലെ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. രാവിലെ 11ഓടെ 80 ശതമാനം സ്ഥലങ്ങളിലും വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മഴയ്ക്ക് ശമനം ഉണ്ടെങ്കിലും ജനജീവിതം സാധാരണ നിലയിലാകാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ ചുഴലിക്കാറ്റ് ചെന്നൈയില്‍നിന്ന് 200 കീമീ അകലെയാണ്. എന്നാല്‍ ചെന്നൈ അടക്കം പത്ത് ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി നേരിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.