ഇന്ദിരയുടെ സുരക്ഷാ ഉദ്യോഗസ്ഥനിൽനിന്ന് മിസോറം മുഖ്യമന്ത്രിപദത്തിലേക്ക്; ആരാണ് ലാൽദുഹോമ?
Monday, December 4, 2023 2:28 PM IST
ഐസ്വാൾ: മിസോറം തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എംഎൻഎഫിനെ അട്ടിമറിച്ച് സെഡ്പിഎം എന്ന പാർട്ടി അധികാരത്തിലേക്ക് എത്തുമ്പോൾ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ലാൽദുഹോമയിലേക്കാണ്.
എഴുപത്തിനാലുകാരനായ ലാൽദുഹോമ മുൻ ഐപിഎസ് ഓഫീസറാണ്. ഗോവയിലാണ് അദ്ദേഹം തന്റെ സേവനം ആരംഭിച്ചത്. പിന്നീട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതല ഏറ്റെടുത്ത് അദ്ദേഹം ഡൽഹിയിലെത്തി.
സർവീസിൽനിന്ന് വിരമിച്ച ശേഷമാണ് സോറം പീപ്പിൾസ് മൂവ്മെന്റ് രൂപീകരിച്ചത്. 1984ൽ ലോക്സഭയിലെത്തി. എന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെടുന്ന ആദ്യ പാർലമെന്റ് അംഗമായി അദ്ദേഹം. തിരിച്ചടി നേരിട്ടെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ലാൽദുഹോമ പ്രവർത്തനം തുടരുകയും സാന്നിധ്യമറിയിക്കുകയും ചെയ്തു.
2020ൽ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന് നിയമസഭാംഗമെന്ന നിലയിൽ ലാൽദുഹോമ അയോഗ്യത നേരിട്ടു. എന്നിരുന്നാലും, 2021 ൽ സെർച്ചിപ് സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ട് അദ്ദേഹം തിരിച്ചുവരവ് നടത്തി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, സെഡ്പിഎമ്മിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ലാൽദുഹോമ ഉയർന്നുവന്നു. ഭരണംപിടിക്കാനായില്ലെങ്കിലും മിസോറമിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അർപ്പണബോധവും ശ്രദ്ധിക്കപ്പെട്ടു.
ഇന്ന് സെഡ്പിഎം മിസോറമിന്റെ അധികാരം പിടിക്കുമ്പോൾ അത് സംസ്ഥാനത്തിന്റെയും ലാൽദുഹോമയുടെയും രാഷ്ട്രീയചരിത്രത്തിൽ ഒരു സുപ്രധാന അധ്യായമാണ് രേഖപ്പെടുത്തുന്നത്.