മിസോറമിൽ ഒറ്റയ്ക്ക് ഭരിക്കും; സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുമെന്ന് ലാൽദുഹോമ
Monday, December 4, 2023 1:29 PM IST
ഐസ്വാൾ: അടുത്ത അഞ്ചുവർഷത്തേക്ക് തന്റെ പാർട്ടി മിസോറമിൽ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുമെന്ന് സോറം പീപ്പിൾസ് മൂവ്മെന്റിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ലാൽദുഹോമ. മിസോറമിൽ കേവലഭൂരിപക്ഷം ഉറപ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തിന് പിന്തുണയ്ക്കായി പ്രാദേശികമായോ ദേശീയമായോ ഏതെങ്കിലും പാർട്ടിയുടെ വാതിലുകളിൽ മുട്ടേണ്ട സാഹചര്യം സെഡ്പിഎമ്മിന് ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും ലാൽദുഹോമ കൂട്ടിച്ചേർത്തു.
സെര്‍ചിപ് മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ ലാല്‍ദുഹോമ വിജയം ഉറപ്പിച്ചിട്ടുണ്ട്. നിലവിൽ 26 സീറ്റുകളുമായി സെഡ്പിഎം കേവലഭൂരിപക്ഷം ഉറപ്പിച്ചുകഴിഞ്ഞു. 10 സീറ്റിൽ മാത്രമാണ് എംഎൻഎഫിന് മുന്നേറ്റം. കോൺഗ്രസ്-ഒന്ന്, ബിജെപി- മൂന്ന് എന്നിങ്ങനെയാണ് ലീഡ് നില.
മുഖ്യമന്ത്രി സോറംതാംഗ, ഉപമുഖ്യമന്ത്രി തൗണ്‍ലൂയ, ആരോഗ്യമന്ത്രി ആര്. ലാല്‍താംഗ്ലിയാന എന്നിവർ പരാജയപ്പെട്ടത് എംഎൻഎഫിന് വൻ തിരിച്ചടിയായി.