ഡബിൾ ജയന്റ് കില്ലർ; കെസിആറിനെയും രേവന്തിനെയും പറപ്പിച്ച് കെ.വി. രമണ റെഡ്ഡി
Sunday, December 3, 2023 9:07 PM IST
ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെയും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി രേവന്ത് റെഡ്ഡിയെയും കാമറെഡ്ഡി മണ്ഡലത്തിൽ പരാജയപ്പെടുത്തി ബിജെപി സ്ഥാനാർഥി കെ.വി. രമണറെഡ്ഡി.
കടുത്തപോരാട്ടം നടന്ന മണ്ഡലത്തിൽ കെ. സി. ചന്ദ്രശേഖര റാവുവിനെ 6,741 വോട്ടുകൾക്കാണ് രമണ റെഡ്ഡി പരാജയപ്പെടുത്തിയത്. കോൺഗ്രസിന്റെ രേവന്ത് റെഡ്ഡി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തന്റെ വിജയം ജനങ്ങൾക്കാണ് രമണ റെഡ്ഡി സമർപ്പിച്ചിരിക്കുന്നത്.
അതേസമയം, ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ വെങ്കട്ട രണണ റെഡ്ഡിയെ ഡബിൾ ജയന്റ് കില്ലറായി വിശേഷിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ വിജയം മാത്രമല്ല ബിജെപി നേടുകയെന്നും അടുത്ത തവണ തെലുങ്കാനയിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിസാമാബാദ് ജില്ലയിലെ മണ്ഡലമാണ് കാമറെഡ്ഡി. ഇവിടെ തോറ്റെങ്കിലും കെ.സി.ആറും രേവന്ത് റെഡ്ഡിയും മറ്റ് മണ്ഡലങ്ങളിൽ നിന്ന് വിജയം ഉറപ്പിച്ചിട്ടുണ്ട്.
കാമറെഡ്ഡിയ്ക്ക് പുറമേ കെ.സി.ആർ ഗജ്വേലിൽ മത്സരിച്ചിരുന്നു. ഇവിടെ 32,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ.സി.ആർ വിജയമുറപ്പിച്ചു. രേവന്ത് കൊടങ്കൽ മണ്ഡലത്തിൽ നിന്ന് 32532 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടി.