തിരിച്ചടികൾ മറികടക്കുമെന്ന് മല്ലികാർജുൻ ഖാർഗെ
Sunday, December 3, 2023 4:34 PM IST
ന്യൂഡൽഹി: പാർട്ടിക്കുണ്ടായ താൽക്കാലിക തിരിച്ചടികൾ മറികടക്കുമെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നിശ്ചയദാർഢ്യത്തോടെ പാർട്ടിയെ പുനരൂജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെലുങ്കാനയിലെ ജനങ്ങളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച ജനവിധിക്ക് നന്ദി. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഞങ്ങൾക്ക് വോട്ട് ചെയ്ത എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ഞങ്ങളുടെ പ്രകടനം നിരാശാജനകമാണ്. എന്നാൽ നിശ്ചയദാർഢ്യത്തോടെ ഈ മൂന്ന് സംസ്ഥാനങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈ നാല് സംസ്ഥാനങ്ങളിലും കോണ്ഗ്രസ് ആവേശകരമായ പ്രചാരണമാണ് നടത്തിയത്. ലക്ഷക്കണക്കിന് പ്രവർത്തകരുടെ പ്രയത്നങ്ങളെ ഞാൻ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.
താൽകാലിക തിരിച്ചടികൾ തരണം ചെയ്ത് ഇന്ത്യ മുന്നണിക്കൊപ്പം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി തയാറെടുക്കുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.