എംജിആർ ആയില്ല കെസിആർ
Sunday, December 3, 2023 2:43 PM IST
ഹൈദരബാദ്: തുടർച്ചയായി മൂന്നു തവണ മുഖ്യമന്ത്രിയായി ദക്ഷിണേന്ത്യയിൽ റിക്കാർഡ് ഇട്ട എംജിആറിന് ഒപ്പമെത്താനുള്ള കെസിആറിന്റെ മോഹം തകർന്നു.
ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച മരത്തൂർ ഗോപാല രാമചന്ദ്രൻ (എംജിആർ) ഡിഎംകെയിൽ നിന്ന് രാജിവച്ച് അണ്ണാ ഡിഎംകെ രൂപീകരിച്ചതോടെയാണ് രാഷ്ട്രീയ രംഗത്തെ അദ്ദേഹത്തിന്റെ ജൈത്ര യാത്ര ആരംഭിച്ചത്.
1977ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ സംഖ്യം 144 സീറ്റ് നേടി അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രി സ്ഥാനം എംജിആറിനെ തേടിയെത്തി.
തുടർന്ന് 1980-84,1984-87 തെരഞ്ഞെടുപ്പുകളിൽ വിജയിച്ച അദ്ദേഹം ദക്ഷിണേന്ത്യയിൽ തുടർച്ചയായി മൂന്നു തവണ അധികാരത്തിലെത്തിയ മുഖ്യമന്ത്രിയെന്ന റിക്കാർഡും സ്വന്തമാക്കി.
ഈ റിക്കാർഡിന് ഒപ്പമെത്താമെന്ന മോഹവുമായി പടനയിച്ച കെ.ചന്ദ്രശേഖര റാവുവിന്റെ പാർട്ടി ബിആർഎസ് കേവലം 42 സീറ്റിലൊതുങ്ങി. 2014-ൽ തെലുങ്കാന രൂപവത്കരിക്കപ്പെട്ടതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും മൃഗീയഭൂരിപക്ഷം നേടിയാണ് കെ.സി.ആര്. അധികാരത്തിലേറിയത്.
ഒരുകാലത്ത് മികച്ച സംഘടനാബലമുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ അസ്ഥിവാരം തോണ്ടിക്കൊണ്ടായിരുന്നു കെസിആറിന്റെയും ബിആര്‍എസിന്റെയും പടയോട്ടം. എന്നാല്‍ ആ കുതിപ്പിന് രേവന്ത് റെഡ്ഡിയിലൂടെ മൂക്കുകയര്‍ വീഴുന്ന കാഴ്ചയാണ് തെലുങ്കാനയില്‍ നിന്ന് വരുന്നത്.
2018 ൽ തെലുങ്കാനയിൽ 19 സീറ്റിൽ കോൺഗ്രസ് വിജയിച്ചിരുന്നു. എന്നാൽ ബിആർഎസിലേക്കുള്ള കൂറുമാറ്റത്തെത്തുടർന്ന് നിയമസഭയിൽ അംഗബലം അഞ്ചായി കുറഞ്ഞിരുന്നു.