വീണു...; ഇനി തെലുങ്കാനയില്‍ കെസിആര്‍?
Sunday, December 3, 2023 1:39 PM IST
ഹെെദാബാദ്: വേര് മണ്ണില്‍ എത്ര ആഴ്ന്നു നില്ക്കുന്നുവൊ അതനുസരിച്ചാണ് ഏതു വന്മരവും കൊടുങ്കാറ്റിനെ അതിജീവിക്കുക. ജനാധിപത്യത്തെ സംബന്ധിച്ച് ജനങ്ങള്‍ വേരാകുന്നവരാണ് അധികാരത്തില്‍ തഴയ്ക്കുക.
ജനങ്ങളുമായുള്ള ബന്ധം വഷളാകുന്നവര്‍ കടപുഴകും. ഇതാണ് തെലുങ്കാനയും കെസിആറും ഈ തെരഞ്ഞെടുപ്പിൽ പറയുന്നതും. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഏറ്റവും ചര്‍ച്ചയാകുന്നത് തെലുങ്കാനയും കെസിആറും ആണ്.
കാരണം തെലുങ്കാനയെ സംബന്ധിച്ച് കെ.ചന്ദ്രശേഖര്‍ റാവു എന്ന കെസിആര്‍ ഒരു വന്മരമാണ്. തെലുങ്കാന സംസ്ഥാനത്തിന്റെ രൂപീകരണത്തില്‍ ചുക്കാന്‍ പിടിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസിലൂടെയാണ് കെസിആര്‍ തന്റെ രാഷ്ട്രീയജീവിതം ആരംഭിച്ചത്. ടിഡിപിയിലൂടെയാണ് വളര്‍ന്നത്. 2001ല്‍ ആന്ധ്രാപ്രദേശ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ആയിരിക്കെയാണ് തെലുങ്കാന പ്രക്ഷോഭത്തിന്റെ മുന്നിലേക്ക് അദ്ദേഹം എത്തുന്നത്.
2009 നവംബറില്‍ തെലുങ്കാന ബില്‍ അവതരിപ്പിക്കണം എന്നാവശ്യപ്പെട്ട് കെസിആര്‍ പാര്‍ലമെന്റില്‍ നിരാഹാര സമരം ആരംഭിച്ചു. സമരം 11 ദിവസം പിന്നിട്ടപ്പോള്‍ പുതിയ സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായി.
അതോടെ തെലുങ്കാനയുടെ വീരനായകന് എന്ന നിലയിലേക്ക് അദ്ദേഹം ഉയര്‍ന്നു. 2014 ജൂണ്‍ രണ്ടിനായിരുന്നു തെലുങ്കാന രൂപികൃതമായത്. ശേഷം നടന്ന രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും കെസിആറിന്റെ തെലുങ്കാന രാഷ്ട്രസമിതി അധികാരത്തില്‍ എത്തി.
2014ല്‍ ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ ടിആര്‍എസ് 69 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 2018ല്‍ 88 സീറ്റും 47.4 ശതമാനം വോട്ടുംനേടി. 2022 ഒക്ടോബര്‍ അഞ്ചിന് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പേര് ഭാരത് രാഷ്ട്രസമിതി എന്നാക്കി മാറ്റി. ദേശീയ രാഷ്ട്രീയം ലക്ഷ്യംവെച്ചായിരുന്നു ഈ പേരുമാറ്റം.
എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ പ്രഭാവം മങ്ങുന്ന കാഴ്ചയാണ് തെലുങ്കാനയില്‍ കാണാനായത്. അഴിമതി ആരോപണങ്ങളും, കുടുംബാധിപത്യവും ജനങ്ങളെ കെസിആറില്‍ നിന്നുമകറ്റി. മകനും സംസ്ഥാന മന്ത്രിയുമായ കെ.ടി. രാമറാവുവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നു.
കൂടാതെ രേവന്ത് റെഡ്ഡി എന്ന നേതാവിന്റെ ഉദയവും കെസിആറിന്റെ പതനത്തിന് ആക്കം കൂട്ടി. തെലുങ്കുദേശം പാര്‍ട്ടിവിട്ട് 2017-ല്‍മാത്രം കോണ്‍ഗ്രസിലെത്തിയ ആളാണ് രേവന്ത് റെഡ്ഡി. എന്നാൽ തെലുങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്.
ഹൈദരാബാദ് മാത്രം കേന്ദ്രീകരിച്ചാണ് വികസനം. ഗ്രാമങ്ങളിലെ സ്ഥിതി പരിതാപകരം എന്ന രേവന്ത് റെഡ്ഡിയുടെ പ്രചാരണം മറികടക്കാന്‍ കെസിആറിനായില്ല.
എന്നാൽ തെലുങ്കാന വികാരം കൊണ്ട് രാഷ്ട്രീയ പ്രതിസന്ധികളെ മറികടക്കാനായിരുന്നു കെസിആറിന്റെ ശ്രമം. ഈ വര്‍ഷം ജൂണില്‍ 179 കോടി രൂപയുടെ തെലുങ്കാന രക്തസാക്ഷി സ്മാരകം അദ്ദേഹം സ്ഥാപിച്ചു.
കൂടാതെ, സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്നും അന്ന് ജീവന് നഷ്ടമായവരുടെ അടുത്ത ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്നും പ്രഖ്യാപിച്ചു.
എന്നാല്‍ ഇക്കാര്യങ്ങളൊന്നും മുഖ്യമന്ത്രിക്കസേരയിലെ മൂന്നാം ഊഴത്തിന് സഹായകമായില്ല. തെരഞ്ഞെടുപ്പ് ഫലത്തിൽ ബിആർഎസ് പിന്നിലായി. കോൺഗ്രസ് അധികാരത്തിലേക്കും.
ഒരു അതികായന്റെ പതനം എന്നാകും ചരിത്രം 2023 നിയമസഭാ തെരഞ്ഞെടുപ്പിനെ ഓര്‍ത്തുവയ്ക്കുക. ഇനിയും ഒരു അങ്കത്തിന് കെസിആറിന് ബാല്യമുണ്ടോ എന്ന കാര്യം കാലം തെളിയിക്കും.