ഹിന്ദി ഹൃദയ ഭൂമി പിടിച്ചടക്കി ബിജെപി; കോൺഗ്രസ് തന്ത്രം പാളി
Sunday, December 3, 2023 11:32 AM IST
ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിൽ മിന്നും ജയം സ്വന്തമാക്കിയ ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് വലിയ ആത്മവിശ്വാസത്തോടെ. രണ്ടു പതിറ്റാണ്ടായി ഭരിക്കുന്ന മധ്യപ്രദേശിലും ഭരണം തിരിച്ചുപിടിച്ച രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും മോഹിപ്പിക്കുന്ന ജയമാണ് ബിജെപി സ്വന്തമാക്കിയത്.
ഛത്തീസ്ഗഡിൽ കോൺഗ്രസ് മുന്നേറ്റമായിരിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാൽ ജനവിധി ഊഹക്കണക്കുകളെ തൂത്തെറിഞ്ഞ് തിളക്കമാർന്ന ജയം ബിജെപിക്ക് സമ്മാനിക്കുകയായിരുന്നു. തുടർഭരണം എന്ന റിക്കോർഡ് പ്രതീക്ഷിച്ച ഭൂപേഷ് ബാഗലിന് രമൺ സിംഗും സംഘവും കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.
രണ്ട് പതിറ്റാണ്ടായി അധികാരം കൈയാളുന്ന മധ്യപ്രദേശിലെ ജയമാണ് ബിജെപിക്ക് ഏറ്റവും മധുരിക്കുന്നത്. പ്രചരണത്തിൽ ശക്തമായി രംഗത്തുണ്ടായിരുന്ന കോൺഗ്രസിനെ ജനവിധിയിൽ ബഹുദൂരം പിന്നിലാക്കാൻ ശിവരാജ് സിംഗ് ചൗഹാനും സംഘത്തിനും കഴിഞ്ഞു.
കോൺഗ്രസ് ഭരിച്ച രാജസ്ഥാനിൽ പാർട്ടിയിലെ തമ്മിലടിയാണ് തോൽവിയുടെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യുവനേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള പരസ്യപ്പോര് ഹൈക്കമാൻഡിന് സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. ഫലമോ, ഭരണവിരുദ്ധ വികാരം കുറവായിരുന്ന സംസ്ഥാനത്ത് അധികാരം നഷ്ടമായി.
അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയി നടന്ന തെരഞ്ഞെടുപ്പിലെ വിജയം ബിജെപിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. സംസ്ഥാനത്തെ വിജയങ്ങൾ ലോക്സഭയിലും തുടർന്നാൽ മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് നരേന്ദ്ര മോദിക്ക് നിഷ്പ്രയാസം നടന്നുകയറാൻ കഴിയും.