മൂന്നു വർഷത്തെ പ്രണയം പൂവണിഞ്ഞു; ഡച്ച് യുവതിയെ വിവാഹം ചെയ്ത് ഇന്ത്യൻ യുവാവ്
Sunday, December 3, 2023 4:24 AM IST
ന്യൂഡൽഹി: നെതർലൻഡുകാരി യുവതിയുടെ കഴുത്തിൽ വരണമാല്യം ചാർത്തി ഉത്തർപ്രദേശ് സ്വദേശിയായ യുവാവ്.
ഉത്തർപ്രദേശ് ഫത്തേഹ്പൂർ ജില്ലയിലുളള ഹർദിക് വർമ (32)ആണ് നെതർലൻഡ് സ്വദേശിനിയായ ഗബ്രിയേല ഡ്യൂഡയെ (21) ഹിന്ദുമതാചാര പ്രകാരം വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം 29നായിരുന്നു ഇവരുടെ വിവാഹം.
ദമ്പതികളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വർഷങ്ങൾക്ക് മുൻപാണ് ഹർദിക് ജോലിക്കായി നെതർലൻഡിൽ എത്തുന്നത്.
നെതർലൻഡിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സൂപ്പർവൈസറായി ജോലി നോക്കുകയാണ് ഹർദിക്. ഇരുവരും താമസിച്ചിരുന്നത് ഒരു സ്ഥലത്തായിരുന്നു.
അങ്ങനെയാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. ഹർദിക്കാണ് ഗബ്രിയേലയോട് ആദ്യമായി പ്രണയം തുറന്നുപറയുന്നത്. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം കഴിക്കാം എന്ന തീരുമാനത്തിൽ ഇവർ എത്തിയത്.
തീരുമാനത്തിനൊടുവിൽ ഹർദിക് വിവരം മാതാപിതാക്കളെ അറിയിച്ചു. കഴിഞ്ഞ ആഴ്ചയോടെ ഇരുവരും നാട്ടിലെത്തി. ഗബ്രിയേലുമായുളള വിവാഹത്തിന് കുടുംബം നൽകിയ പിന്തുണ വലുതായിരുന്നുവെന്ന് ഹർദിക് മാധ്യമങ്ങളോട് പറഞ്ഞു.
വിവാഹത്തിൽ ബന്ധുക്കളും നാട്ടുകാരും പങ്കെടുത്തു. ഹർദിക്കിന്റെ മാതാപിതാക്കൾ ഗുജറാത്തിലാണ് സ്ഥിരതാമസം. ഫത്തേഹ്പൂരാണ് ഹർദിക് ജനിച്ച് വളർന്നത്. അതിനാലാണ് വിവാഹം ഇവിടെ വച്ച് നടത്തിയതെന്ന് ഹർദിക് മാധ്യമങ്ങളോട് പറഞ്ഞു.
ഗാന്ധിനഗറിൽ വച്ച് ഈ മാസം 11ന് വിവാഹസൽക്കാരം ഒരുക്കിയിട്ടുണ്ട്.ഗബ്രിയേലയുടെ കുടുംബാംഗങ്ങൾ അവിടെയെത്തും. ഡിസംബർ 25ന് ദന്പതികൾ തിരികെ നെതർലൻഡ്സിലേക്ക് മടങ്ങും. അവിടെവച്ച് ക്രിസ്ത്യൻ മതാചാര പ്രകാരം പളളിയിലും വിവാഹിതരാകുമെന്ന് ഹർദിക് പറഞ്ഞു.