പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുത്; വിജയകാന്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് നാസർ
Sunday, December 3, 2023 1:42 AM IST
ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യത്തെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജവാർത്തകളെന്ന് നടൻ നാസർ.
വിജയകാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് നാസര്‍ വ്യക്തമാക്കിയത്. ആശുപത്രിയില്‍ നേരിട്ടെത്തി ഡോക്ടറോട് സംസാരിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയകാന്ത് മരിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് നാസര്‍ വ്യക്തമാക്കി. തമിഴ് സിനിമ അസോസിയേഷന് അംഗങ്ങള്‍ക്കൊപ്പമാണ് നാസര്‍ ആശുപത്രിയില്‍ എത്തിയത്.
വിജയകാന്തിന്റെ ആരോഗ്യത്തില്‍ പുരോഗതിയുണ്ട്. വൈകാതെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നാസര്‍ പറഞ്ഞു.
ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് വിജയകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് താരത്തിന്റെ അവസ്ഥ മോശമാണെന്ന് വ്യക്തമാക്കിക്കൊണ്ട് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് 14 ദിവസം കൂടി ആശുപത്രി കഴിയേണ്ടിവരും എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.