ഹൈക്കോടതി ഇടപെടല്‍; നവകേരളസദസ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നു മാറ്റി
Saturday, December 2, 2023 2:48 AM IST
തൃശൂര്‍: തൃശൂര്‍ ഒല്ലൂരിലെ നവകേരള സദസിന്റെ വേദി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് മാറ്റിയെന്ന് ഹൈക്കോടതിയെ അറിയിച്ച് സര്‍ക്കാര്‍.
സുവോളജിക്കല്‍ പാര്‍ക്കില്‍ വേദി അനുവദിച്ചത് എന്തിനെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദ്യമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ വേദി മാറ്റിയതായി അറിയിച്ചത്.
മൃഗശാലയല്ല, കാര്‍ പാര്‍ക്കിംഗ് ആണ് പരിപാടിക്കായി അനുവദിച്ചിട്ടുള്ളത് എന്നായിരുന്നു സുവോളജിക്കല്‍ പാര്‍ക്കിന്റെ ഡയറക്ടറുടെ വിശദീകരണം. എന്നാല്‍ പാര്‍ക്കിന്റെ സ്ഥലം വന്യജീവി സംബന്ധമായ പരിപാടികള്‍ക്ക് മാത്രമേ അനുവദിക്കാനാവൂ എന്ന് കേന്ദ്ര സര്‍ക്കാരും നിലപാടെടുക്കുകയായിരുന്നു.
നവകേരള സദസിനായി സ്ഥലം അനുവദിക്കാന്‍ ആകില്ലെന്ന് ഡിവിഷന് ബെഞ്ച് വാക്കാല്‍ പരാമര്‍ശവും നടത്തി. സുവോളജിക്കല്‍ പാര്‍ക്കില്‍ പരിപാടി നടത്തുന്നത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.