ഷൂട്ടിംഗിനിടെ പരിക്ക്; നടൻ ആസിഫ് അലി ആശുപത്രി വിട്ടു
Friday, December 1, 2023 9:07 PM IST
കൊച്ചി: ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടൻ ആസിഫ് അലി ആശുപത്രി വിട്ടു. കൊച്ചിയിലെ ആശുപത്രിയിൽ നടൻ ശസ്ത്രക്രിയക്ക് വിധേയനായി.
നടൻ നവംബർ 30ന് ഡിസ്ചാർജായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇടതു കാൽമുട്ടിന് പരിക്കേറ്റ അദ്ദേഹത്തെ വിപിഎസ് ലേക്ഷോർ ഡയറക്ടർ ഓഫ് ഓർത്തോപീഡിക്സ് ആൻഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസർവേഷൻ ഡോ. ജേക്കബ് വർഗീസിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.
ഇടതു കാൽമുട്ടിലെ ലിഗമെന്റ്, മെനിസ്കസ് റിപ്പയർ എന്നീ ശസ്ത്രക്രിയകൾക്ക് ശേഷം ആസിഫ് അലി ആശുപത്രിവിട്ടു. കുറഞ്ഞ ആഴ്ചകൾക്കുള്ളിൽ അദ്ദേഹം പൂർണ ആരോഗ്യവാനാകുമെന്ന് ചികിത്സിച്ച ഡോക്ടർ അറിയിച്ചു. ഫിസിയോതെറാപ്പിയും നിർദേശിച്ചിട്ടുണ്ട്.
രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ‘ടിക്കി ടാക്ക’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആസിഫ് അലിക്ക് അപകടം സംഭവിച്ചത്. നവംബർ 23ന് ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് നടന്റെ കാൽമുട്ടിന് പരിക്കേറ്റത്.