ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ്: ചിറക്കര സ്വദേശി കസ്റ്റഡിയിൽ
വെബ് ഡെസ്ക്
Friday, December 1, 2023 7:17 AM IST
കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസുമായി ബന്ധപ്പെട്ട് ചിറക്കര സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഇയാളാണ് കാർ വാടകയ്ക്ക് കൊടുത്തതെന്നാണ് സൂചന.
ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും സ്ഥിരീകരണം ലഭിക്കാനുണ്ട്. കേസിൽ ഇന്ന് വീണ്ടും കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തിയിരുന്നു.
ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ പിതാവ്. ഇയാളുടെ ഒരു ഫോൺ അന്വേഷണസംഘം കൊണ്ടുപോയെന്നും വിവരമുണ്ട്.
പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 10 വർഷമായി കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്നുണ്ട്. ഇവിടെയടുത്തുള്ള ഫ്ലാറ്റിലാണ് ഇയാൾ താമസിച്ചിരുന്നത്. ഈ കെട്ടിടത്തിലാണ് വൈകുന്നേരം പോലീസെത്തി പരിശോധിച്ചത്.
കേസിൽ അന്വേഷണം നഴ്സിംഗ് സംഘടനയിലേക്കും നീളുകയാണെന്ന് വ്യാഴാഴ്ച റിപ്പോർട്ട് വന്നിരുന്നു. നഴ്സുമാരുടെ സംഘടനയിലെ തർക്കവുമായി തട്ടിക്കൊണ്ടുപോകലിന് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.