"മാറ്റമില്ല'; കാനം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരും
Thursday, November 30, 2023 2:57 PM IST
തിരുവനന്തപുരം: കാനം രാജേന്ദ്രന് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരും. തത്ക്കാലം പുതിയൊരു സെക്രട്ടറി ഇല്ല. വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗമാണ് നിര്‍ണായകതീരുമാനം കൈക്കൊണ്ടത്.
അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരനും പി.പി.സുനീറും സെക്രട്ടറിയുടെ ചുമതലകള്‍ കൂടി നിര്‍വഹിക്കും. കാല്പാദം മുറിച്ചുമാറ്റി വിശ്രമത്തിലായിരിക്കുന്ന കാനത്തിന്റെ അവധി അപേക്ഷ യോഗം അംഗീകരിച്ചു.
പ്രമേഹവും അണുബാധയും മൂലം കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന്റെ വലതു കാല്പാദം മുറിച്ചു മാറ്റിയത്. തുടര്‍ന്ന് മൂന്നുമാസത്തേക്ക് അവധിവേണമെന്ന് അദ്ദേഹം പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ പുതിയ സെക്രട്ടറി വേണമോ എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്ന് കാനം വ്യക്തമാക്കിയിരുന്നു.
2022 ഒക്ടോബറിലാണ് കാനം രാജേന്ദ്രന് സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്.