മറ്റപ്പള്ളിയിലെ കുന്നിടിക്കല്‍; ജിയോളജി വകുപ്പ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്
Thursday, November 30, 2023 9:01 AM IST
ആലപ്പുഴ: നൂറനാട് മറ്റപ്പള്ളിയിലെ കുന്നിടിക്കല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടികൊണ്ടുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രായലയത്തിന്റെ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചട്ടങ്ങള്‍ ഒന്നും പാലിച്ചില്ല. ഉദ്യോഗസ്ഥര്‍ നേരിട്ട് സ്ഥലത്തെത്തി പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് പഠനം നടത്തിയ ശേഷമേ മണ്ണെടുപ്പിന് അനുമതി നല്‍കാവൂ എന്നാണ് ചട്ടം. എന്നാല്‍ ഇത്തരത്തില്‍ പഠനം നടത്തിയെന്നതിന് ഒരു തെളിവും ഫയലുകള്‍ പരിശോധിച്ചതില്‍നിന്ന് തനിക്ക് ലഭിച്ചില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ഫയലുകള്‍ പൂഴ്ത്തിയതാണോ അതോ ഇത്തരത്തില്‍ ഒരു പഠനം നടത്താത്തതാണോ എന്ന കാര്യം പരിശോധിക്കണം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടാല്‍ അവര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.
നേരത്തേ ഹൈക്കോടതി ഉത്തരവ് പ്രകാരം ഭൗമശാസ്ത്ര പഠനകേന്ദ്രം മറ്റപ്പള്ളിയിലെ കുന്നിടിക്കല്‍ സംബന്ധിച്ച് പഠനം നടത്തിയിരുന്നു. പാരിസ്ഥിതിക ദുര്‍ബലമായ പ്രദേശമായതിനാല്‍ വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള കുന്നിടിക്കല്‍ പാടില്ലെന്ന ഇവരുടെ റിപ്പോര്‍ട്ട് കണക്കിലെടുക്കാതെയാണ് ജിയോളജി വകുപ്പ് കരാറുകാരന് മണ്ണെടുക്കാന്‍ അനുമതി നല്‍കിയതെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മണ്ണെടുപ്പിനെതിരേ വന്‍ ജനകീയരോഷം ഉണ്ടായതോടെ ഈ മാസം 16ന് മാവേലിക്കര ഗസ്റ്റ് ഹൗസില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗം കളക്ടറെ ചുമതലപ്പെടുത്തി.
ഇതനുസരിച്ച് കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.