കാറിന് മുകളിലേക്ക് തടിലോറി മറിഞ്ഞു; കാർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു
Wednesday, November 29, 2023 10:32 PM IST
കാഞ്ഞിരപ്പള്ളി: കാറിന് മുകളിലേക്ക് തടിലോറി മറിഞ്ഞ് കാർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാത്രി എട്ടോടെ കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിൽ കോവിൽകടവിലാണ് സംഭവം.
കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഈരാറ്റുപേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന തടിലോറിയാണ് റോഡിൽ സൈഡ് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഈ സമയം കാറിനുള്ളിൽ ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ശാന്തിനഗർ കൊല്ലപുരയിടത്തിൽ നെജീബ് (60) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തിൽ കാർ പൂർണമായി തകർന്നു. ഒരുമണിക്കൂറോളം നെജീബ് കാറിനുള്ളിൽ കുടുങ്ങി കിടന്നു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ലോറിയിലെ കയർ മുറിച്ച് കാറിന് മുകളിലേക്ക് വീണ തടികൾ മാറ്റി കാർ വെട്ടിപ്പൊളിച്ചാണ് നെജീബിനെ പുറത്തെടുത്തത്.
നിസാര പരിക്കേറ്റ നെജീബിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.